മ്യൂണിക്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ പോരാട്ടച്ചൂടിന്റെ പാരമ്യത്തിലെത്തിയ യൂറോ കപ്പിൽ ആര് മുത്തമിടുമെന്ന കാത്തിരിപ്പിന് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം ബാക്കി. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് മ്യൂണിക്കിലെ അലിയൻ അറീന പുൽമൈതാനത്ത് മുൻ ചാംപ്യൻമാരായ സ്‌പെയിനും ഫ്രാൻസുമാണ് മറ്റൊരു യൂറോ കിരീടം കൊതിച്ച് ആദ്യ സെമിയിൽ ഇറങ്ങുന്നത്.
മുൻ ചാംപ്യൻമാരായതിനാലും ലോകോത്തര താരനിരകളുള്ളതിനാലും ലോക ഫുട്‌ബോൾ പ്രേമികൾ ഈ സീസണിലും കിരീട ഫേവറിറ്റുകളെന്ന് വിളിക്കുന്ന രണ്ട് ടീമുകൾ ആദ്യ സെമിയിൽ മുഖാമുഖമെത്തുമ്പോൾ ലോക ഫുട്‌ബോളിനത് ആവേശരാവ് സമ്മാനിക്കും. നാളെ രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടും നെതർലൻഡ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
സ്പാനിഷ് കുതിപ്പ്
ഗ്രൂപ്പ്ഘട്ടം മുതൽ ഇതുവരെ എല്ലാ മത്സരത്തിലും ജയവുമായെത്തുന്ന സ്പാനിഷ് വമ്പൻമാർക്ക് തന്നെയാണ് ഇത്തവണ കൂടുതൽ കിരീടസാധ്യത കൽപ്പിക്കുന്നത്. ഇവരുടെ മുന്നോട്ടുള്ള കുതിപ്പിൽ നിലംപൊത്തിയതാവട്ടെ വമ്പൻ ടീമുകളായ ഇറ്റലിയും ക്രൊയേഷ്യയും ജർമനിയും. നിലവിലെ ചാംപ്യൻമാരായ ഇറ്റലിയെയും 2018ലെ ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയെയും ഗ്രൂപ്പ്ഘട്ടത്തിൽ തന്നെ തകർത്തുവിട്ടപ്പോൾ മുൻ ചാംപ്യൻമാരായ ജർമനിയെ അവരുടെ കാണികൾക്ക് മുന്നിൽ വച്ചാണ് പറഞ്ഞയച്ചത്. ടൂർണമെന്റിൽ ജയത്തോടെ മാത്രം മുന്നോട്ട് കുതിച്ച ടീമും സ്‌പെയിൻ തന്നെ!. ഗ്രൂപ്പ് ഘട്ടം മുതൽ അസാമാന്യ ഫോമിൽ പന്തു തട്ടുന്ന ടീമെന്ന് വിശേഷിപ്പിക്കാൻ അവരുടെ ഗോളെണ്ണം തന്നെ തെളിവാണ്.
യുവതയുടെ ഈറ്റില്ലമായ സ്പാനിഷ് ടീമിൽ മുന്നേറ്റക്കാരായ ലാമിൻ യമാലും ഡാനി ഓൽമോയും നിക്കോ വില്യംസും ചേർന്ന് ഇതുവരെ 11 തവണയാണ് എതിർവലയിൽ പന്തെത്തിച്ചത്. മധ്യനിരയിൽ പെഡ്രിയും റോഡ്രിയും ഫാബിയാൻ റൂയിസും കൂടി ചേരുന്നതോടെ മുന്നേറ്റത്തിൽ യുവരക്തം തിളയ്ക്കുന്നു. മുന്നേറ്റത്തെ പോലെ തന്നെ എതിരാളികളെ വെള്ളം കുടിപ്പിച്ചുള്ള പ്രതിരോധനിരയുടെ പ്രകടനവും ടീമിന്റെ വിജയപ്രയാണത്തിന് തിലകം ചാർത്തി. ആകെ രണ്ട് തവണ മാത്രമാണ് എതിർ ടീം സ്പാനിഷ് വലയിൽ പന്തെത്തിച്ചത്.
ജർമനിയിൽ കപ്പുയർത്തിയാൽ നാലു തവണ യൂറോ കപ്പ് ചാംപ്യൻപട്ടം സ്വന്തമാക്കുന്ന ആദ്യ ടീമായി സ്പെയിൻ മാറും. അണ്ടർ 19, അണ്ടർ 21 സ്പാനിഷ് ടീമുകളെ മുമ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ലൂയി ഡി ലാ ഫുവന്റെയുടെ നേതൃപാടവവും ചേരുന്പോൾ എതിരാളികളെ വീഴ്ത്താൻ എന്തുകൊണ്ടും ഇവർ യോഗ്യർ.
ഗോളടിക്കാൻ ഫ്രാൻസ്
2012ന് ശേഷം ആദ്യമായി യൂറോ കപ്പിൽ ഗ്രൂപ്പ് ചാംപ്യൻമാരാവാതെ നോക്കൗട്ടിലെത്തുന്ന ടീമെന്ന നാണക്കേട് പേറിയാണ് ഇത്തവണ ഫ്രാൻസ് സെമിയിൽ പന്ത് തട്ടുന്നത്. സെമിയിലെത്തിയെങ്കിലും ഒരു തവണ പോലും കളിക്കിടെ സ്വന്തം കാലുകൊണ്ട് എതിർ പോസ്റ്റിൽ പന്തെത്തിക്കാതെ സെമിയിലെത്തിയ ടീമെന്ന മറ്റൊരു നാണക്കേട് കൂടിയുണ്ട് ഇന്ന് സ്‌പെയിനിനെതിരേ ഇറങ്ങുന്ന ഫ്രാൻസ് ടീമിന്. ഈ നാണക്കേടുകൾക്കെല്ലാം അറുതി വരുത്താനുറച്ചാണ് പരിശീലകൻ ദിദിയർ ദെഷാംപ്‌സും ശിഷ്യരും മ്യൂണിക്കിലെ അലിയൻസ് അറീനയിൽ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് സമനിലയും ഒരു ജയവും ഫ്രഞ്ച് പട കുറിച്ചെങ്കിലും ഈ മത്സരങ്ങളിലൊക്കെ പെനാൽറ്റിയിലൂടെയും സെൽഫ് ഗോളിലൂടെയുമാണ് അവരെ ഭാഗ്യം തേടിയെത്തിയത്. എന്നാൽ ഇതുവരെയും തോൽവിയറിയാതെയാണ് ടീമിന്റെ കുതിപ്പ്.
ഫ്രാൻസ് പ്ലേ ഓഫിലെത്തിയാൽ ഗർജിക്കുന്ന സിംഹത്തെപ്പോലെയാണെന്ന് ലോക ഫുട്‌ബോൾ വിമർശകർ പറയുന്നത് വെറുതെയല്ല. പ്ലേ ഓഫിലെത്തുമ്പോഴാണ് യഥാർഥ ഫ്രഞ്ച് പടയുടെ തനിരൂപം ലോകമറിയുന്നത്. ഏതു കൊലകൊമ്പനേയും കാളക്കൂറ്റൻമാരെയും വീഴ്ത്താൻ കെൽപ്പുള്ള ടീം. 2016 യൂറോ കപ്പിൽ ഫ്രഞ്ച് പടയ്ക്ക് രണ്ടാംസ്ഥാനം സമ്മാനിച്ച ദിദിയർ ദെഷാംസ് പിന്നിൽ നിന്ന് ചരടുവലിക്കുക കൂടി ചെയ്യുന്നതോടെ കപ്പടിക്കാൻ ടീം സുസജ്ജം. 2018ൽ ടീമിന് ഫുട്‌ബോൾ ലോകകപ്പ് സമ്മാനിച്ച ദെഷാംപ്‌സ്, 2022ൽ വീണ്ടും ടീമിനെ ഫൈനലിലെത്തിച്ച് റെക്കോഡ് കുറിച്ചിരുന്നു.