General

പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Nano News

കണ്ണൂര്‍: ഇരിട്ടി പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കില്‍പ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ എട്ടു മണിയോടെ കിട്ടിയത്.

ഷഹര്‍ബാനയുടെ ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിന് സൂര്യ (21) ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ സ്ഥലത്തിന് തൊട്ടടുത്ത് നിന്നാണ് ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്‌സത്തിന്റെയും മകളാണ് ഷഹര്‍ബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

ഇരിക്കൂര്‍ സിഗ്ബ കോളജിലെ ബി.എ സൈക്കോളജി അവസാനവര്‍ഷ വിദ്യാര്‍ഥിനികളായ ഷഹര്‍ബാനയെയും പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂര്‍ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈല്‍ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയശേഷം പൂവത്തെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.

കരയില്‍നിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാര്‍ഥിനികള്‍ പുഴയിലിറങ്ങുന്നത് ശ്രദ്ധയില്‍പെട്ട മീന്‍പിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങള്‍ക്കകം ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മീന്‍പിടിക്കുന്നവരുടെ വലയില്‍പെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു.


Reporter
the authorReporter

Leave a Reply