റേഷന്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന ഭര്‍ത്താവ് ഓവുചാലില്‍ വീണു. പരുക്കുകളോടെ വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ദീപത്തില്‍ മീരാ കാംദേവ് (65) ആണ് മരിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് ഇവരുടെ ഭര്‍ത്താവ് എച്ച്.എന്‍ കാംദേവ് (71) വഴുതിവീണത്. കഴിഞ്ഞ ദിവസം രാവിലെ റേഷന്‍കടയില്‍ പോയതായിരുന്നു ഇദ്ദേഹം.
റോഡരികിലെ ഓവുചാലില്‍നിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ് വീണത്. ഈ ചാലിന്റെ തുടക്കത്തില്‍ മാത്രമേ സ്‌ളാബുള്ളൂ. ചാലില്‍ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവര്‍ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരുക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി.
ചെളിപുരണ്ട് അവശനായ ഭര്‍ത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. മക്കള്‍: രാകേഷ് (കാനഡ), ദീപാ രമേഷ് (ചെന്നൈ) ശില്പാ വിഷ്ണു( ദുബായ്). മരുമക്കള്‍: സന്ധ്യ (കാനഡ), ആര്‍. രമേഷ് (ചെന്നൈ), വിഷ്ണു രാജശേഖരന്‍ (ദുബായ്). സംസ്‌കാരം ശനിയാഴ്ച പുതിയകോട്ട പൊതുശ്മശാനത്തില്‍.