മൂന്ന് മാസം നീണ്ടുനിന്ന പ്രചാരണ പരിപാടികൾക്ക് ശേഷം രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനമാകും. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 57 മണ്ഡലങ്ങളിലാണ് ജനം ഇന്ന് വിധി എഴുതുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
ഉത്തർപ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്. ബംഗാൾ, ബിഹാർ ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാനഘട്ട വോട്ടെടുപ്പിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരാണ് ജനവിധി തേടുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്ത് കോൺഗ്രസ് നേതാവ് അജയ് റായ്, ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്, ഉൾപ്പെടെയുള്ള പ്രമുഖരാണ് മത്സര രംഗത്തുള്ളത്.
ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം ഇന്ന് നടക്കുന്നുണ്ട്. കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് ഇതുവരെ വിധിയെഴുതിയത്. 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് ആകെ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ആറ് ഘട്ട തെരഞ്ഞെടുപ്പും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെയാണ് രാജ്യത്ത് നടന്നത്. എന്നാൽ പോളിംഗ് ശതമാനത്തിൽ ഗണ്യമായ കുറവാണ് എല്ലായിടത്തും കണ്ടത്. ഇന്ന് അവസാന ഘട്ടവും കൂടി പൂർത്തിയാകുന്നതോടെ ജനത്തിന്റെ വിധി എഴുത്ത് പൂർണമാകും. ജൂൺ 4 ചൊവ്വാഴ്ച്ചയാണ് രാജ്യത്ത് വോട്ടെണ്ണൽ നടക്കും. അതിനായി ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ്.