Saturday, November 23, 2024
General

ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ


ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് മുതൽ അനിശ്ചിതകാല സമരം നടത്തും. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാരാണ് സമരം നടത്തുന്നത്. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സമരത്തിനു നേതൃത്വം നൽകും. എന്നാൽ ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ അധികൃതർ പറഞ്ഞു.

ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ല. തുടർച്ചയായി 2 രാത്രികളിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നുമാണ് അസോസിയേഷന്റെ തീരുമാനം. 48 മണിക്കൂറിനകം ലോക്കോ പൈലറ്റുമാർക്ക് ആസ്ഥാനത്തേക്ക് മടങ്ങിയെത്താൻ കഴിയണം. ആഴ്ചയിൽ‌ 30 മണിക്കൂർ വിശ്രമം ലഭിക്കണം. ഓരോ വർഷവും പുതിയ ട്രെയിനുകൾ വരുന്നുണ്ടെങ്കിലും 2018 നു ശേഷം പുതിയ ലോക്കോ പൈലറ്റുമാരുടെ നിയമനം നടന്നിട്ടില്ല. അതിനാൽ നിയമനം നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്.

അർഹതപ്പെട്ട സമയം വിശ്രമിച്ചശേഷം മാത്രമേ ട്രെയിൻ ഓടിക്കുവെന്ന് വ്യക്തമാക്കി അസോസിയേഷൻ ഭാരവാഹികൾ മേയ് 15ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിനു സമരപ്രഖ്യാപന നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അദ്ദേഹം അസോസിയേഷൻ ഭാരവാഹികളുമായി ചർച്ചയ്ക്കു തയ്യാറാകാത്ത സാഹചര്യത്തിലാണ് ലോക്കോ പൈലറ്റുമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.

ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് സമര രംഗത്തുള്ളത്. മൊത്തം നാലായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഈ 6 ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ട്രെയിൻ ഗതാഗതത്തെ സമരം ബാധിക്കിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.


Reporter
the authorReporter

Leave a Reply