Saturday, November 23, 2024
GeneralLatestPolitics

എക്സൈസ് വകുപ്പ് കയ്യിലുണ്ടോ? എം ബി രാജേഷ് പരിശോധിക്കണം’; പരിഹസിച്ച് പ്രതിപക്ഷ നേതാവ്


മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പരിഹാസം. മദ്യനയത്തിൽ ചർച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തിൽ റോളില്ല. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിൽ ഗുണ്ടാ വാഴ്ചയാണെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബു പങ്കെടുത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം. സംസ്ഥാനത്ത് പൊലീസ് ഗുണ്ട ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്. ജില്ലാ കമ്മിറ്റികളാണ് ഇപ്പോൾ എസ്പിമാരെ നിയമിക്കുന്നു. ഗുണ്ടകളാണ് കേരളം വാഴുന്നത്. ഇത് വലിയ നാണക്കേടെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. സംഭവം പൊലീസിന്റെ ആത്മ വീര്യം തകർത്തുവെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിക്കുകയാണ്. കേരളം അപകടകരമായ നിലയിലാണ്. . ലഹരി, ഗുണ്ട സംഘങ്ങളുടെ കൈയ്യിലാണ് കേരളമെന്നും അവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ജയിലിൽ കിടന്നും ഗുണ്ടകൾ ക്വട്ടേഷൻ നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.


Reporter
the authorReporter

Leave a Reply