General

യൂ ടേണുകൾ അനുവദിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി


ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ​ഗതാ​ഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്ക് പരിശോധിക്കാനുള്ള പരിശോധനയ്ക്കിടെയായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികണം. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയാണ് ഗതാ​ഗതമന്ത്രി. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ്കുമാറിന്റെ യാത്ര. ദേശീയ പാതിയിൽ ഏറ്റവും കൂടുതൽ സിഗ്നലുകളിൽ കാത്ത് കിടക്കേണ്ടി വരുന്ന തൃശൂർ – അരൂർ പാതയിലാണ് പ്രശ്നപരിഹാരത്തിനായി മന്ത്രി ഇന്ന് ഇറങ്ങിയത്. ചാലക്കുടിയിൽ അതിരപ്പിള്ളിയിലേക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ബ്ലാങ്ക് സ്പോട്ട് മന്ത്രി നേരിട്ട് കണ്ടു. ദേശീയ പാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവ്വീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദ്ദേശം മന്ത്രി നൽകി. പിന്നാലെ പോട്ട സിഗ്നലിലും പരിശോധന നടത്തി. അനാവശ്യ സിഗ്നലുകളാണ് പലയിടത്തും യാത്രാതടസ്സമുണ്ടാക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. അതൊഴിവാക്കി പാപ്പാളി ജംഗ്ഷനിൽ ലക്ഷ്യമിടുന്നതുപോലെ സർവ്വീസ് റോഡുകൾ പുനഃക്രമീകരിക്കും. സന്ദർശനത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ കുരുക്കഴിക്കുമെന്നും മന്ത്രി പറഞ്ഞു


Reporter
the authorReporter

Leave a Reply