തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, റഫീഖയുടെ മകന്‍ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2022 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നവരാണ് പ്രതികള്‍. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും എത്തിയപ്പോള്‍ മച്ചില്‍നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് കാണുകയായിരുന്നു. റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും പിന്നീട് സ്ഥിരീകരിച്ചു. ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ചോദ്യം ചെയ്യലില്‍ ഒരു വര്‍ഷം മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ദുരൂഹസാഹചര്യത്തില്‍ മരിച്ച 14കാരിയെ ഷഫീഖ് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു കണ്ടെത്തല്‍. പ്രതി ഷഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലക്കടിച്ചു കൊല്ലുകയായിരുന്നു.