കോഴിക്കോട്: മെഡിക്കൽ കോളജിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. ലക്ഷകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു എം ടി രമേശ്.
കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി അനുവദിച്ചിട്ടും ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും പിണറായി സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്.
കഴിഞ്ഞ 10 വർഷം കൊണ്ട് 157 പുതിയ മെഡിക്കൽ കോളേജുകളാണ് മോദി സർക്കാർ അനുവദിച്ചത്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി മാത്രം 2451.1 കോടി രൂപ അനുവദിച്ചു. എന്നാൽ ഈ ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചില്ലന്നും എം ടി രമേശ് കുറ്റപ്പെടുത്തി.
നോർത്ത് മണ്ഡലത്തിലെ വിവിധ മേഖലകളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. സ്പൈസസ് ബോർഡ് ഓഫീസിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ബിജെപി ചേവരമ്പലം ഏരിയ കമ്മിറ്റിയിലെ 93-ാം ബൂത്ത് ഓഫീസ് എം ടി രമേശ് ഉദ്ഘാടനം ചെയ്തു. തൊണ്ടയാട് നടന്ന കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ബിജെപി സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂർ, ചേവരമ്പലം വാർഡ് കൗൺസിലർ സരിത പറയേരി, ,മണ്ഢലം പ്രസിഡണ്ട് സബിത പ്രഹളാദൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ രജിത് കുമാർ , കെ.ജിതിൻ, മണ്ഡലം വൈസ് പ്രസിഡണ്ട്, ഹരീഷ്. എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് ബൈജു , എസ് സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു തുടങ്ങിയവർ പങ്കെടുത്തു.