കോഴിക്കോട് : വ്യവസായങ്ങളുടെ ശവപ്പറമ്പായി കോഴിക്കോട് മാറിയെന്നും, താൻ ജനപ്രതിനിധിയായാൽ മണ്ഡലത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നും കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. ഇത് വരെ കോഴിക്കോട് മണ്ഡലത്തിൽ നിന്നും ജയിച്ചു പോയ എം കെ രാഘവൻ അടക്കമുള്ളവർ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും എംടി രമേശ് ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ മാറ്റി നിർത്തിയാൽ കോഴിക്കോടിന് എന്താണ് ലഭിച്ചതെന്നും എംടി രമേശ് ചോദിച്ചു. ഒളവണ്ണയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.
ഒരു കാലത്ത് കോഴിക്കോട് ജില്ലയുടെ തിലകക്കുറിയായിരുന്ന കോംട്രസ്റ്റ് , മാവൂർ ഗ്വാളിയോർ റയോൺസ് , കുന്നത്തറ ടെക്സ്റ്റയിൽസ് തുടങ്ങിയ വ്യവസായങ്ങൾ അടച്ചു പൂട്ടി. സിപിഎം പ്രതിനിധികൾ അടക്കം കൊടി പിടിച്ചാണ് ഈ വ്യവസായങ്ങൾ അത്രയും പൂട്ടിച്ചത്. വ്യവസായങ്ങൾ പൂട്ടിക്കുകയല്ലാതെ, ഒരൊറ്റ വ്യവസായവും മണ്ഡലത്തിലേക്ക് കൊണ്ടുവരാൻ ഇവർക്ക് സാധിച്ചിട്ടില്ല. എംടി രമേശ് കുറ്റപ്പെടുത്തി.
പൂട്ടിപ്പോയ വ്യവസായ ശാലകൾക്ക് വേണ്ടി എന്ത് നടപടി ആണ് മണ്ഡലത്തിലെ ജനപ്രതിനിധി ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
ഇന്ത്യൻ പാർലിമെന്റിൽ പോയി ബഹളം വയ്ക്കാനും, അധിക്ഷേപം നടത്താനുമല്ലാതെ,കോഴിക്കോടിന്റെ വികസനത്തിന് വേണ്ടി സംസാരിക്കാൻ മണ്ഢലത്തെ പ്രതിനിധീകരിക്കുന്ന എംപിമാർക്ക് സാധിച്ചിട്ടില്ലെന്നും എംടി രമേശ് ആരോപിച്ചു. ഇതിനൊക്കെ മാറ്റമുണ്ടാവാനും, വരും തലമുറയെങ്കിലും അഭിമാനത്തോടെ ജീവിക്കാനും ഇത്തവണ താമര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് എംടി രമേശ് അഭ്യർത്ഥിച്ചു.
നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ പോവുകയാണ്. ഈ സമയത്ത് മുഖം തിരിഞ്ഞു നിൽക്കാതെ കോഴിക്കോടും ഇന്ത്യയ്‌ക്കൊപ്പം സഞ്ചരിക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു. തന്നെ പാർലിമെന്റിലേക്കയച്ചാൽ കോഴിക്കോട് മാറുന്നത് എങ്ങിനെയെന്ന് കാണിച്ചു തരാമെന്നും, അദ്ദേഹം വ്യക്തമാക്കി.