കോഴിക്കോട്: മെഡിക്കല്‍ കോളജ് നഴ്‌സ് പ്രശ്നത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും, അതിജീവിതയ്‌ക്കൊപ്പം ബിജെപി ഉണ്ടാവുമെന്നും കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശ്. തികച്ചും മനുഷ്യത്വവിരുദ്ധവും, നിയമവിരുദ്ധവുമായ നടപടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാർ സ്വീകരിക്കുന്നതെന്നും എംടി രമേശ് കുറ്റപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കുന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയെയും, അതിജീവിതയെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി
ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തി കുറ്റവാളികളെ സംരക്ഷിക്കുകയാണ് സർക്കാരെന്നും, കോടതി വിധിക്കും മുകളിലാണ് തങ്ങളെന്ന അഹങ്കാരമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും എംടി രമേശ് ആരോപിച്ചു. കോടതിവിധിക്ക് മുകളിലല്ല സര്‍ക്കാര്‍ സംവിധാനങ്ങളെന്ന് ആരോഗ്യമന്ത്രി മനസ്സിലാക്കണം. പ്രിന്‍സിപ്പല്‍ ഹൈക്കോടതി വിധിയാണ്, ഉദ്യോഗസ്ഥരുടെ തിട്ടൂരമല്ല അംഗീകരിക്കേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് ഹൈക്കോടതി വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എംടി രമേശ് വ്യക്തമാക്കി
ഇരയ്‌ക്കൊപ്പം നില്‍ക്കുകയും, നീതി നടപ്പിലാക്കുകയും ചെയ്യേണ്ട സർക്കാർ കുറ്റവാളികളുടെ പക്ഷം ചേര്‍ന്ന് അനീതിയാണ് തുടരുന്നത്. കേസിന്റെ ആദ്യം ഘട്ടം മുതല്‍ സര്‍ക്കാര്‍ പ്രതികളുടെയും വേട്ടക്കാരുടെയും ഒപ്പമായിരുന്നു. എം ടി രമേശ് ആരോപിച്ചു.
ഹൈക്കോടതി വിധി ഉണ്ടായിട്ടും അനിതയ്ക്ക് എന്തുകൊണ്ടാണ് നിയമനം നല്‍കാത്തതെന്നും എം.ടി രമേശ് ചോദിച്ചു. അടിയന്തരമായി ഇക്കാര്യത്തില്‍ നിലപാട് തിരുത്തി അനിതയെ ജോലിയില്‍ തിരിച്ചു പ്രവേശിപ്പിക്കുവാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കണമെന്നും ,അല്ലാത്തപക്ഷം ഇരകൾക്ക് വേണ്ടി ഭാരതീയ ജനതാ പാര്‍ട്ടി സമര രംഗത്തിറങ്ങുമെന്നും, എം.ടി രമേശ് വ്യക്തമാക്കി. നീതി നടപ്പിലാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.