കൊല്ലം : കേരള – ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ ത്രസിപ്പിച്ച താരമാണ് ഇന്റർനാഷണൽ മാസ്റ്ററായ ജുബിൻ ജിമ്മി എന്ന പതിനേഴുകാരൻ. കൊല്ലം തേവള്ളി സർക്കാർ ബോയ്സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. 2022 ൽ ഹംഗറിയിൽ വെച്ച് നടന്ന മത്സരത്തിലാണ് ജുബിൻ ഇന്റർനാഷണൽ മാസ്റ്റർ ആകുന്നത്. ഒരു കോച്ചിന്റെ സഹായമുണ്ടായിരുന്നില്ല എന്നതാണ് ജുബിൻ്റെ വിജയങ്ങൾക്ക് പിന്നിലുള്ള കൗതുകം. ചെസ് സംബന്ധിയായ വെബ്സൈറ്റുകളുടെ സഹായത്തോടെയാണ് ജുബിൻ തന്റെ കളി മെച്ചപ്പെടുത്തന്നത്. പരമാവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിനും മികച്ച ഒരു കോച്ചിന്റെ സഹായം ജുബിൻ തേടുന്നുണ്ടെങ്കിലും അതിനു വേണ്ട ഭാരിച്ച തുക കണ്ടെത്തുന്നതിനുള്ള പ്രയാസവും താരം മറച്ച് വെക്കുന്നില്ല. ഇന്റർനാഷണൽ മാസ്റ്റർ ആകുന്നതിനു വേണ്ടുന്ന മത്സരങ്ങൾക്കായി ജർമ്മനി, ഹംഗറി, സ്പെയിൻ, അസർബെയ്ജാൻ, അബുദാബി തുടങ്ങിയടങ്ങളിൽ ജുബിൻ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിനൊക്കെയാകെ 30 ലക്ഷത്തോളം രൂപ ചിലവ് താരം സ്വന്തം നിലയിൽ കണ്ടെത്തുകയായിരുന്നു. ബിസിനസുകാരനായ അച്ഛൻ ജിമ്മി ജോസഫ്, ഇ എസ് ഐ നഴ്‌സായ അമ്മ ജയമ്മയുമാണ് ഇപ്പോൾ ജുബിന് ചെസ്സിൽ പിന്തുണക്കുന്നത്.
സർക്കാരിനൊപ്പം സ്വകാര്യ സ്‌പോൺസർഷിപ് കൂടി ഉണ്ടെങ്കിൽ മാത്രമേ ചെസ്സിൽ ഏതൊരാൾക്കും തങ്ങളുടെ മികച്ച ദൂരങ്ങൾ താണ്ടാൻ സാധിക്കുകയുള്ളുവെന്നാണ് ജുബിൻ പറയുന്നത്.
ചെ ഇന്റർനാഷണൽ ഫെസ്റ്റിവൽ തീർച്ചയായും വളർന്ന് വരുന്ന കേരളത്തിലെ ചെസ്സ് കളിക്കാർക്ക് വലിയ അവസരം തുറന്നു നല്കും. അന്തർദേശീയ കളിക്കാരുമായി നമ്മുടെ കളിക്കാർക്ക് കളിക്കാനും അവരുടെ ഗെയിം മെച്ചപ്പെടുത്താനും ഇതു വഴി സാധിക്കുമെന്നും ജുബിൻ പറയുന്നു.
പരിശീലകനില്ലാതെ ഒറ്റക്ക് കളി മെച്ചപ്പെടുത്തി നേടുന്ന വിജയങ്ങളെന്ന നിലയിൽ ജുബിന്റെ ഈ നേട്ടം അതിമധുരമുള്ളതാണ്. കഴിഞ്ഞ വർഷം സ്പെയിനിൽ നടന്ന ഒരു ടൂർണമെന്റിൽ ജർമ്മനിയുടെ ഗ്രാൻഡ് മാസ്റ്റർ ദിമിത്രി കൊല്ലേഴ്സിനെതിരെ ഈ കൗമാരക്കാരൻ തന്റെ ഏറ്റവും മികച്ച വിജയം രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹാൻസ് നീമാൻ, റഷ്യൻ വ്ലാഡിസ്ലാവ് ആർട്ടെമിയേവ് എന്നിവർക്കെതിരെയും ജുബിൻ കളിച്ചിട്ടുണ്ട്.
ഒന്നാം ക്ലാസ് മുതലാണ് ജുബിൻ ചെസ്സ് കളിച്ചു തുടങ്ങുന്നത്. ഒരു വേനലവധി കാലത്ത് ഇരട്ട സഹോദരൻ ജിബിനൊത്തുള്ള വികൃതികൾ കുറയ്ക്കാനാണ് അച്ഛൻ അവർക്ക് രണ്ടു പേർക്കും ഒരു ക്യാരം ബോർഡ് വാങ്ങി കൊടുക്കുന്നത്. രണ്ടു ദിവസം മാത്രം കളിച്ച സഹോദരങ്ങൾ ക്യാരം കോയിനുകൾ എല്ലാം എവിടെയൊക്കെയോ നഷ്ടപ്പെടുത്തി. തുടർന്ന് അച്ഛൻ അവർക്ക് ചെറിയ ഒരു ചെസ്സ് ബോർഡ് വാങ്ങി നൽകി. അതായിരുന്നു ജുബിന് കളിയോടുള്ള ഇഷ്ടത്തിന് കാരണം. പിന്നീട് കൊല്ലം വൈ എം സി എയിൽ ചെസ്സ് ക്ലാസ്സുകളിൽ പങ്കെടുത്തു. വിനോദ് സി പി യെന്ന അധ്യാപകനിൽ നിന്ന് ചെസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചു. ആ വർഷം തന്നെ അണ്ടർ 19 കൊല്ലം ജില്ല ടൂർണ്ണമെന്റിൽ വിജയിച്ചു, സംസ്ഥാന ടൂർണ്ണമെന്റിലും പങ്കെടുത്തു വിജയിച്ചു. അഹമ്മദാബാദിൽ വെച്ച് നടന്ന ദേശീയ ടൂർണ്ണമെന്റിൽ പങ്കെടുത്തെങ്കിലും കാര്യമായ വിജയം നേടാൻ കഴിഞ്ഞില്ല. എങ്കിലും കുഞ്ഞു ജുബിൻ ചെസ്സ് കളിച്ചു കൊണ്ടേയിരുന്നു. ലഭ്യമായ ഓൺലൈൻ വിവരങ്ങളുടേയും ചെസ്സ് വെബ്സൈറ്റുകളുടെയും സഹായത്തോടെ തന്റെ കളിയെ മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു.
ചെ ഇന്റർനാഷനൽ ചെസ്സ് ഫെസ്റ്റിവലിൽ ക്ലാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിൽ മത്സരിച്ച ജുബിൻ 14 വ്യക്തിഗത പോയിന്റുകൾ കേരള ടീമിന് നേടി കൊടുക്കുകയും കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
ഗ്രാൻഡ് മാസ്റ്റർ ആകുകയാണ് ജുബിന്റെ ലക്‌ഷ്യം. അതിന് കേവലം 50 പോയിന്റുകൾ കൂടി മതി. അതിനായുള്ള ശ്രമത്തിലാണ്. സഹായങ്ങൾ വേണ്ടതുണ്ട്. ഈ അവസരത്തിൽ മികച്ച പിന്തുണയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജി എൻ ഗോപാലിനും, എസ് എൽ നാരായണനും, നിഹാൽ സരിനും ശേഷം ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജുബിൻ.