കോഴിക്കോട്:നിലവിൽ സ്ഥലപരിമിതി നേരിടുന്ന ഗവൺമെൻ്റ് സൈബർ പാർക്കിൽ 184 കോടി രൂപ ചിലവിൽ പുതിയ കെട്ടിടനിർമാണത്തിനുള്ള മന്ത്രിസഭ തീരുമാനം സ്തുത്യർഹവും ഏറെ പ്രതീക്ഷ നൽകുന്നതും ആണെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് എം.എ മെഹബൂബ് അഭിപ്രായപ്പെട്ടു. ഗവൺമെൻ്റ് സൈബർ പാർക്കിലും യു എൽ സൈബർ പാർക്കിലും നിലവിലുള്ള കെട്ടിടങ്ങൾ പൂർണ്ണമായും നിറഞ്ഞ സാഹചര്യത്തിൽ പുതിയ ശാഖകൾ ആരംഭിക്കുന്നതിനും നിലവിൽ ഉള്ളവയുടെ വിപുലീകരണതിനും കെട്ടിടത്തിൻ്റെ ദൗർലഭ്യം ഒരു പ്രധാന തടസ്സമായിരുന്നു. ദേശീയ, ബഹുരാഷ്ട്ര ഐടി കമ്പനികൾ ഒരുപോലെ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കവെ ഇപ്പോൾ അനുവദിച്ചിരിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മലബാറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി ഐടി ഉദ്യോഗസ്ഥർക്കും ഈ തീരുമാനം വളരെയധികം പ്രയോജനകരമാകും. കേരളത്തിലെ മികച്ച ഐടി ഡെസ്റ്റിനേഷൻ ആയി മാറാനുള്ള കോഴിക്കോടിൻ്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നത് കൂടാതെ ഐടി ഇതര മേഖലകളിലും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിലൂടെ മലബാറിൻ്റെ ത്വരിത പുരോഗതിക്ക് ആക്കം കൂട്ടുവാനും ഈ നടപടി മുഖേന സാധ്യമാകും. സൈബർ പാർക്കിൽ ബാക്കിയുള്ള മുപ്പതിൽ അധികം ഏക്കർ സ്ഥലത്തിൻ്റെയും വികസനത്തിനുള്ള പദ്ധതികൾ സർക്കാർ എത്രയും വേഗം കൈക്കൊള്ളണമെന്നും മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.