ദശാബ്ദങ്ങള്‍ക്കു മുന്‍പ് ശ്യാമപ്രസാദ് മുഖര്‍ജി കൊളുത്തിയ ദീപത്തിലെ പ്രഭയാണ് ഇപ്പോള്‍ ഭാരതമെങ്ങും പ്രസരിക്കുന്നതെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍. ജീവിതവും മരണവും രാഷ്ട്രത്തിനായി സമര്‍പ്പിക്കുക വഴി മുഖര്‍ജി മഹത്വം കൈവരിച്ചുവെന്നും ബലിദാന ദിനത്തോടനുബന്ധിച്ച് അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം കെ.പി.ശ്രീശന്‍ അധ്യക്ഷത വഹിച്ചു.
ബംഗാള്‍ വിഭജനം, ജമ്മു-കശ്മീരില്‍ സമാധാനം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ശ്യാമപ്രസാദ് മുഖര്‍ജിക്കു കഴിഞ്ഞുവെന്ന് സി.കെ.പത്മനാഭന്‍ ചൂണ്ടിക്കാട്ടി. ശ്രീശങ്കരന്‍ സര്‍വജ്ഞപീഠം കയറിയ കശ്മീര്‍ കലാപഭൂമിയാകാന്‍ കാരണം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നയങ്ങളാണ്. അതു തിരിച്ചറിഞ്ഞു പ്രതികരിക്കാനും തിരുത്തല്‍ വരുത്തണമെന്ന് ആവശ്യപ്പെടാനും ശ്യാമപ്രസാദ് മുഖര്‍ജിക്കു കഴിഞ്ഞു. ബംഗാള്‍ വിഭജനം രക്തച്ചൊരിച്ചിലിന് ഇടയാക്കുമെന്നു കണക്കുകൂട്ടി അതിനെതിരെ നിലകൊള്ളാന്‍ അദ്ദേഹം തയ്യാറായി. സ്വതന്ത്രഭാരതത്തിന്റെ ആദ്യ വ്യവസായമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരവെ, നെഹ്രു-ലിയാഖത്ത് കരാറിന്റെ പേരില്‍ ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭ വിടുകയാണു ചെയ്തത്. 1951ല്‍ ജനസംഘം സ്ഥാപിച്ച അദ്ദേഹത്തിന് തൊട്ടുപിറകെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. 51ാം വയസ്സില്‍ തടവില്‍ കഴിയവെ ദുരൂഹ സാഹചര്യത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നിര്യാതനായത് അന്നുമിന്നും സംശയാസ്പദമായി നിലകൊള്ളുകയാണെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു.
ശ്യാമപ്രസാദ് മുഖര്‍ജി സ്മൃതിദിനാചരണത്തിന്റെ ഭാഗമായി ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ചു നടന്ന സെമിനാറില്‍ എഴുത്തുകാരന്‍ ഡോ. ഗോപി പുതുക്കോട് വിഷയാവതരണം നടത്തി. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച ഉടന്‍ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും പിന്നീട് സെക്കന്‍ഡറി വിദ്യാഭ്യാസത്തെക്കുറിച്ചുമാണു വിഗദ്ധ പഠനം നടത്തിയതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 1964ല്‍ കോത്താരി കമ്മീഷനാണു ദേശീയ വിദ്യാഭ്യാസ നയം വേണമെന്ന് ആദ്യമായി നിര്‍ദേശിച്ചത്. 1968ല്‍ മാത്രമേ രാജ്യത്തിന് ആദ്യ വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ സാധിച്ചുള്ളൂ. ഇതു പരിഷ്‌കരിക്കാന്‍ 1986 വരെ കാത്തിരിക്കേണ്ടിവന്നു. പിന്നീട് പരിഷ്‌കരണങ്ങള്‍ ചിലതു നടക്കുകയും 2008ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കപ്പെടുകയും ചെയ്തു. എന്നാല്‍, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിനോ ആവശ്യമായ തോതില്‍ ധനവിനിയോഗം നടത്താനോ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മൂന്നാം ലോകശക്തിയായി മാറാനുള്ള പ്രയത്‌നത്തിന്റെകൂടി ഭാഗമായാണ് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കപ്പെട്ടത്. 2040 ആകുമ്പോഴേക്കും വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമായി മാറുകയാണു ലക്ഷ്യം.
കേരളത്തില്‍ മാത്രമാണു പുതിയ വിദ്യാഭ്യാസ നയം വിമര്‍ശിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ചര്‍ച്ച മാത്രമേ ഉള്ളൂ. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല. അതേസമയം, കേരളത്തിലെ പാഠ്യപദ്ധതി പരാജയമാണെന്നു തുറന്നു സമ്മതിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇവടത്തേതിലും പരിതാപകരമാണെന്ന് ഓര്‍ക്കണം. ഈ സാഹചര്യത്തിലാണു പുതിയ വിദ്യാഭ്യാസ നയം പ്രസക്തമായിത്തീരുന്നതെന്നും ഡോ. ഗോപി പുതുക്കോട് കൂട്ടിച്ചേര്‍ത്തു.
പുതിയ വിദ്യാഭ്യാസ നയത്തെ സമഗ്ര വിശകലനത്തിനു വിധേയമാക്കുന്നില്ലെന്ന് ഷിയാസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നയരേഖയോട് നീതിപുലര്‍ത്തുംവിധമല്ല വിമര്‍ശനങ്ങള്‍ പലതും. വിവിധ വിഭാഗം വിദ്യാര്‍ഥികളെ എങ്ങനെ ഉള്‍ക്കൊള്ളും എന്നു തുടങ്ങിയ ചില വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യസ നയം സംബന്ധിച്ച് അവാസ്തവികമായ ആക്ഷേപങ്ങളാണ് ഉയരുന്നതെന്ന് കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ആരോപിച്ചു. ഗോഡ്‌സെയുടെ ജാതി പരാമര്‍ശിക്കുന്ന ഭാഗം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ ഉയര്‍ന്ന പരാതി ഗോഡ്‌സെയെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി എന്നാണ്. പുതിയ വിദ്യാഭ്യാസ നയം ഇസ്ലാംവിരുദ്ധമാണ് എന്നു ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പാഠഭാഗങ്ങളില്‍ കുറവു വരുത്തിയതും കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപിത താല്‍പര്യമായി ഉയര്‍ത്തിക്കാട്ടുകയാണ്. ഗവേഷണം അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിനു താല്‍പര്യമോ ഗുണമോ ഇല്ലാത്ത വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഇപ്പോഴത്തെ രീതി മാറും. ഗവേഷണ ഫലം സാധാരണക്കാര്‍ക്കുകൂടി ഉപകാരപ്രദമായിത്തീരുന്ന സ്ഥിതിയുണ്ടാകും. വിദ്യാഭ്യാസ പരിഷ്‌കാരത്തില്‍നിന്നു കേരളം വിട്ടുനില്‍ക്കുകയാണെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകും. ഡെല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായ തിരിച്ചടി ഓര്‍ക്കണമെന്നും ഡോ. മധു വ്യക്തമാക്കി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ സ്വാഗതവും മേഖലാ ട്രഷറര്‍ ടി.വി. ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.