ചേന്ദമംഗലൂർ:എല്ലാ വെടിയുണ്ടയും വാൾമുനത്തുമ്പും അന്ത്യമായി ചെന്നുകൊള്ളുന്നത് അമ്മമാരുടെ ഗർഭപാത്രത്തിലാണെന്ന് കവി മുരുകൻ കാട്ടാക്കട. വർഷങ്ങൾക്കു മുമ്പ് താനെഴുതിയ ബാഗ്ദാദ് എന്ന കവിതയെക്കുറിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലായ മെസപ്പോട്ടൊമിയയെ നശിപ്പിച്ചത് ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേന്ദമംഗലൂർ സായാഹ്നത്തില് കെ. മർ യം രചിച്ച വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും എന്ന പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു മുരുകൻ കാട്ടാക്കട. ഖുർആനിലെ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരസാഹിത്യ കൃതിയാണ് വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും.
സംസ്ക്കാരങ്ങൾ നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരുടെ വൈകാരികതയാണ് ബാഗ്ദാദ്. ആയിരത്തൊന്ന് രാവുകൾ വായിച്ച് ബാഗ്ദാദ് സന്ദർശിക്കുന്നത് സ്വപ്നംകണ്ടവനാണ് താൻ. ക്രിസ്തു ജനിക്കുന്നതിനു നാലായിരം വര്ഷങ്ങള്ക്കു മുൻപ് നിലനിന്ന ഏറ്റവും പ്രൗഢമായ സംസ്ക്കാരമായിരുന്നു മെസപ്പൊട്ടേമിയൻ. അതിന്റെകേന്ദ്രമാണ് ബാഗ്ദാദ്. ബോംബ് പൊട്ടി കൈകൾ തകർന്നുപോയ 12 വയസുകാരൻ അലി ഇസ്മായിൽ എന്ന ആട്ടിടയൻ എല്ലാ കാലത്തെയും യുദ്ധക്കൊതിയന്മാരോടുള്ള ചോദ്യചിഹ്നമാണെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു. സി.ടി അബ്ദുൽ ജബ്ബാർ രചിച്ച വസിയ്യത്ത് എന്ന കവിത ചടങ്ങിൽ പ്രകാശനം ചെയ്തു.
പി.കെ അബ്ദുറസാഖ് സുല്ലമി പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് ഷമീം പുസ്തകം പരിചയപ്പെടുത്തി. എ. റഷീദുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർ റംല ഗഫൂർ, കെ.ടി നജീബ്, വേലായുധൻ മാസ്റ്റര്, എം.എ അബ്ദുസ്സലാം, ബന്ന ചേന്ദമംഗലൂർ തുടങ്ങിയവര് സംസാരിച്ചു.