Art & CultureLatest

ഏഴു പതിറ്റാണ്ടു മുമ്പത്തെ ഗള്‍ഫ് ചരിത്രം പറഞ്ഞ് മൈഗ്രന്റ് ഡ്രീംസ്


കോഴിക്കോട്: 70 വര്‍ഷം മുമ്പ് ഗള്‍ഫ് രാജ്യങ്ങള്‍ എങ്ങിനെയായിരുന്നു. അവിടേക്ക് കുടിയേറിയ മലയാളിയുടെ ജീവിതം എങ്ങിനെയായിരുന്നു. ആ കഥകള്‍ പറയുകയാണ് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈന്‍ ആശ്രമത്തില്‍ ഒരുക്കിയിരിക്കുന്ന മൈഗ്രന്റ് ഡ്രീംസ് എന്ന പ്രദര്‍ശനം. ദുബായ്, ദോഹ, കുവൈറ്റ്, റിയാദ് തുടങ്ങിയ നഗരങ്ങളില്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ മലയാളികളായ കെ.കെ. മജീദ്, മുഹമ്മദാലി പടിയത്ത്, പുന്നിലത്ത് അബ്്ദു, ഷെരീഫ് ഇബ്രാഹിം, വലിയകത്ത് അബൂബക്കര്‍, വിലിയകത്ത് ഹംസ, അഹമ്മദ് വൈക്കിപ്പാടത്ത്, പണിക്ക വീട്ടില്‍ മുഹമ്മദ് എന്നിവരുടെ ശേഖരത്തില്‍ നിന്നുള്ളതാണ് ഏഴുപതിറ്റാണ്ടിന്റെ അറേബ്യന്‍ കഥകള്‍ പറയുന്ന ചിത്രങ്ങള്‍.

ദുബൈയിലും കുവൈറ്റിലുമൊന്നും അന്ന് അംബര ചുംബികളായ കെട്ടിടങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന ദീപ പ്രഭയോ. വിശാലമായ റോഡുകളോ ഒന്നു മില്ല. കേരളത്തിലെ ഇന്നത്തെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ഒന്നിനു സമാനമായിരുന്നു ഈ നഗരങ്ങളെന്ന് ചിത്രങ്ങള്‍ പറയുന്നു. അറേബ്യന്‍ നാടുകളിലേക്ക് ചരക്കുമായി പോയിരുന്ന പത്തേമാരികളില്‍ അനധികൃതമായാണ് അന്ന് ഗള്‍ഫ് നാടുകളിലേക്ക് ഏറിയപങ്കും മലയാളികള്‍ പോയിരുന്നത്. മരുഭൂമിയിലെ അവരുടെ അതിജീവനം, കഷ്ടപ്പാടുകള്‍, അവര്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം പറയുന്നുണ്ട്. ഈ ചിത്രങ്ങള്‍. വിരസതയകറ്റാന്‍ ഏക ഉപാധിയായി റേഡിയോ മാത്രം. അതും ട്യൂണ്‍ ചെയ്തിരിക്കുന്ന അന്നത്തെ ഗള്‍ഫ് മലയാളി.

ഇന്നത്തെ പോലെ ഫോണും, വീഡിയോ ചാറ്റിംഗും, വാട്‌സ് ആപ്പും, ഫെയ്‌സ് ബുക്കുമൊന്നുമില്ല. കാതങ്ങള്‍ താണ്ടി വരുന്ന എഴുത്തുകളാണ് പരസ്പരം സ്‌നേഹം കൈമാറിയിരുന്നതും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയിരുന്നതും. അതിന്റെ പ്രതീകങ്ങളായ എയറോഗ്രാമും, എയര്‍മെയിലും പ്രദര്‍ശനത്തിലുണ്ട്.

പഴയകാല പാസ്‌പോര്‍ട്ടുകളും, വര്‍ക് പെര്‍മിറ്റുകളും, ലൈസന്‍സുമൊക്കെ പ്രദര്‍ശനത്തിലുണ്ട്. സുഖലോലുപതയുടെ നെറുകയില്‍ എത്തി നില്‍ക്കുന്ന ദുബായും, റിയാദുമൊക്കെ എങ്ങിനെയായിരുന്നുവെന്നും മാറ്റത്തിന്റെ രജതരേഖയില്‍ ഒട്ടേറെ മലയാളികളുടെ വിയര്‍പ്പും അദ്ധ്വാനവും ഉണ്ടായിരുന്നുവെന്നും പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ ബോധ്യമാവും.

ആഴി ആര്‍ക്കൈവ്‌സ് ഡിസൈന്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഉരു ആര്‍ട്ട് ഹാര്‍ബര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡിസൈന്‍ ആശ്രമത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 12വരെയുണ്ടായിരിക്കും.


Reporter
the authorReporter

Leave a Reply