Saturday, November 23, 2024
LatestSabari mala News

മകരവിളക്കിന് ഒരുങ്ങി സന്നിധാനം


ശബരിമല: ഭക്തജനങ്ങൾക്ക് ദർശന സായൂജ്യമേകാൻ മകരജ്യോതി തെളിയാൻ ഇനി ഒരു ദിനം  മാത്രം. ജനുവരി 14 ശനിയാഴ്ചയാണ് മകരവിളക്ക്. ജ്യോതി ദർശനത്തിന് മണിക്കൂറുകൾ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
വെള്ളിയാഴ്ച നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും.
മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽനിന്ന് പരമ്പരാഗത പാതയിലൂടെ കാൽനടയായി എത്തുന്ന ഘോഷയാത്രാ സംഘത്തെ ശനിയാഴ്ച വൈകീട്ട് 5.30ന് ശരംകുത്തിയിൽവെച്ച് സ്വീകരിക്കും. ദേവസ്വം ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ സ്വീകരിച്ച് താള വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവെച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് ശ്രീകോവിലേക്ക് ആചാരപൂർവം ആനയിക്കും.

6.30ന് അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. മകരജ്യോതി ദർശനം ദീപാരാധനയോട് അനുബന്ധിച്ചു നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 8.45ന് മകരസംക്രമ പൂജയും നടക്കും. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നടക്കും.
14ന് ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മകരജ്യോതി ദർശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.

 


Reporter
the authorReporter

Leave a Reply