കോഴിക്കോട്: ഭരണസമീപനത്തിൽ ഗുണപരമായ സമൂല പരിവർത്തനം സൃഷ്ടിച്ചുവെന്നതാണ് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മോദി@ ഡ്രീംസ് മീറ്റ് ഡലിവറി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ രാജ്യങ്ങളിൽ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്ന നിലയിൽ നരേന്ദ്ര മോദി ലോക റിക്കാർഡ് ആണ് സൃഷ്ടിച്ചത്. എത്ര കാലം ഭരിച്ചുവെന്നതിനേക്കാൾ ഗുണപരമായ പരിവർത്തനമുണ്ടാക്കിയെന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ നേട്ടം.വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവാണ് മോദി.ജനക്ഷേമ പദ്ധതികളുടെ നേട്ടം ഇടത്തട്ടുകാർ ചൂഷണം ചെയ്യുന്നത് ഒഴിവാക്കി പദ്ധതികളുടെ നൂറു ശതമാനം നേട്ടവും ഇന്ന് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൻ്റെ അവശിഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് സാക്ഷ്യപത്രങ്ങളിലും രേഖകളിലും സ്വയം സാക്ഷ്യപ്പെടുത്താൻ പൗരന് അധികാരം നൽകി.തൻ്റെ ജനങ്ങളെ തനിക്ക് വിശ്വാസമാണെന്ന സുപ്രധാനമായ പ്രഖ്യാപനമായിരുന്നു അത്.കോവിഡ് പ്രതിരോധം മുതൽ ഡിജിറ്റൽ രംഗത്തെ മുന്നേറ്റം വരെ ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്ന നേട്ടമാണ് മോദി സൃഷ്ടിച്ചത്.ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളുമില്ലാത്ത സുരക്ഷിത ഭാരതത്തെയാണ് മോദി ഭരണം സംഭാവന ചെയ്തത്അദ്ദേഹം പറഞ്ഞു. കാർഷികശാസ്ത്രജ്ഞനായ ഡോ.കെ.പ്രഭാകരൻ നായർ പുസ്തകം ഏറ്റുവാങ്ങി.
ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻഅധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, നാളീകേര വികസന ബോർഡ് വൈസ് ചെയർമാൻ കെ.നാരായണൻ, എം.മോഹനൻ, രാംദാസ് മണലേരി എന്നിവർ സംസാരിച്ചു.