കോഴിക്കോട് : പാട്ടുകൾ പാടുന്നവർ സ്വന്തം ഗാനം ആദ്യം ആസ്വദിക്കണമെന്ന് ഗായിക കെ എസ് ചിത്ര. സോഷ്യൽ മീഡിയ വഴി രുപീകരിച്ച കൂട്ടായ്മയായ സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാനെത്തിയ ചിത്ര ഫൗണ്ടേഷൻ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു . ഉദ്ഘാടനത്തിന് ശേഷം കൂടുതൽ ചോദ്യങ്ങളുമായി സദസ്സ് സജീവമായി.
കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ മികച്ച ശബ്ദത്തിനുടമയാകാനാകുവെന്ന് ഈ രംഗത്തെയ്ക്ക് കടന്ന് വരുന്നവർക്ക് ചിത്രയുടെ ഉപദേശം. ഏറ്റവും കൂടുതൽ പാടിയത് ഏത് ഭാഷയിൽ എന്ന ചോദ്യത്തിന് തെലുങ്കിലെന്ന് മറുപടി എത്തി. മലയാളത്തിൽ രണ്ട് പാട്ട് ഉണ്ടാകുന്ന സ്ഥാനത്ത് തെലുങ്ക് സിനിമയിൽ 10 ൽ കൂടുതൽ പാട്ട് ഉണ്ടാകുമെന്നായിരുന്നു അതിന് കാരണമായി ചിത്രയുടെ മറുപടി.
ചോദ്യവും ഉത്തരവുമായി അര മണിക്കൂർ പിന്നിട്ടപ്പോൾ ചിത്രയെക്കുറിച് സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ പാട്ട് പാടാൻ ഡോക്ടർ സിനിത മെഹ്ഷാബ് എത്തിയത് കൗതുകമുണർത്തി.പാട്ട് മുഴുമിപ്പിക്കാനാവാതെ ഇടയ്ക്ക് കരച്ചിലിലേക്ക് വഴി മാറിയപ്പോൾ അടുത്ത് ഓടിയെത്തിയ ചിത്ര അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് കണ്ട് നിന്നവരിലും ആഹ്ലാദം നിറച്ചു.അതിനിടയിൽ ഗായക സംഘത്തിലെ ഭിന്നശേഷിക്കാരിയായ ശധ ഷാനവാസിൽ ചിത്രയുടെ മനസുടക്കി. ഉൾ കാഴ്ചയിലൂട ശധ, ചിത്രയെ അടുത്ത് കണ്ട് നിർവ്യതിയടഞ്ഞു. ചേച്ചിയെ പാട്ട് പഠിപ്പിക്കുന്നത് കേട്ട് പഠിച്ചത്,
യാദൃശ്ചികമായി സ്കോളർഷിപ്പ് കിട്ടിയത് ,യേശുദാസിന് വേണ്ടി ട്രാക്ക് പാടിയത് , ജാനകിയമ്മയെയും ആദ്യമായി നേരിൽ കണ്ടതും ഒപ്പം പാടിയതിന്റെ അനുഭവ കഥകൾ പറഞ്ഞും പുറത്തിറങ്ങാത്ത സിനിമയിലെ പാട്ടും ഇഷ്ടപ്പെട്ട പാട്ട് പാടിയും കാണികളുടെ ചോദ്യങ്ങളിലൂടെ ചിത്ര മറുപടി പറയുമ്പോൾ കാഴ്ചക്കാരുടെ മനസുകളിലേക്ക് ചിത്ര ഒരിക്കൽ കൂടി ആഴ്ന്നിറങ്ങുകയായിരുന്നു തന്റെ ഗാനങ്ങൾ കോർത്തിണക്കി പാടിയ ഗായക സംഘം അവതരിപ്പിച്ച ഗാന വിരുന്ന് ഇഷ്ടപ്പെട്ടെന്ന് തുറന്ന് പറഞ്ഞ ചിത്ര അവരെ വേദിയുടെ ഒരു ഭാഗത്ത് മാറ്റി നിർത്തിയതിൽ പരിഭവിച്ചപ്പോൾ ,വേദിയിൽ ചിരി പടർന്നു.
തുടർന്ന് സംഗീതമേ ജീവിതം ഫൗണ്ടേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ചിത്ര നിർവ്വഹിച്ചു. ഹോട്ടൽ കെ പി എം ട്രൈപന്റയിൽ നടന്ന തൂവൽ സ്പർശം ചടങ്ങിൽ ഫൗണ്ടേഷൻ ഡയറക്ടർ അഡ്വ.കെ എ അസീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കരസേന മുൻ ദക്ഷിണ മേഖല തലവൻ ലഫ്റ്റനന്റ് ജനറൽ പി എം ഹാരിസ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ , ഡോ.ടി പി മെഹ്റൂഫ് രാജ്, അഡ്വ. നീലിമ അസീസ് എന്നിവർ സംസാരിച്ചു. സുശാന്തും സംഘവുമായിരുന്നു ഓർക്കസ്ടഷൻ നിർവ്വഹിച്ചത്.