കോഴിക്കോട് : ആർ എസ് എസ് മുന്നോട്ട് വെക്കുന്ന അപകടകരമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ തടഞ്ഞു നിർത്താൻ കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പർ ബിനോയ് വിശ്വം എം.പി പറഞ്ഞു.
സി പി ഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി ഏഴാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് സഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി യുടെ ബി ടീം ആയി കോൺഗ്രസ് അധ:പതിക്കുന്നു.
പ്രത്യയശാസ്ത്ര അടിത്തറ നഷ്ടപ്പെടുന്നത് ബി ജെ പി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് കോൺഗ്രസിനെ പിന്നോട്ടടിപ്പിക്കുന്നു.
കോർപറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ ഹിന്ദു രാഷ്ട്രമെന്ന ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനാണ് ബിജെപി-ആർഎസ്എസ് ശ്രമം രാജ്യത്തിന്റെ ഏകത്വത്തിനും നാനാത്വത്തിനും ഭീഷണിയാണ്. ഇതിനെതിരായി മത നിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യ നിര ഉയർത്തി കൊണ്ട് വരാൻ സി.പി ഐ മുൻകൈ എടുക്കും. ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ ഐക്യമെന്നത് സി.പി ഐ യുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ തത്വാധിഷ്ഠിത പുനരേരീകരണം വേണം. അത് രണ്ട് പാർട്ടികളുടെ ലയനം എന്ന അർത്ഥത്തിലല്ല കാണേണ്ടത്. രാജ്യത്തിന്റെ മുഖ്യ ശത്രുവിനെതിരെ ഒന്നിച്ചു നിൽക്കേണ്ട കാലിക കടമയായാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ കണ്ടുവരുന്ന തെറ്റായ പ്രവണതകൾക്കെതിരായി നിരന്തര ജാഗ്രത വേണം. പുതിയ കാലത്തിന്റെ മലിനപ്പെട്ട പരിസരങ്ങളിൽ നിന്ന് നേതാക്കളെയും പാർട്ടി പ്രവർത്തകരെ അകറ്റി നിർത്താൻ രാഷ്ടീയ വിദ്യാഭ്യാസം അനിവാര്യമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രം 1964 നു ശേഷമുള്ളതല്ല.
പഴയ കാല നേതൃനിരയെ സങ്കുചിതമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അവഗണിക്കുന്ന ശീലം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ല. രുപീകരണ വർഷത്തിൽ പോലും അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയത് ബോധപൂർവ്വമാണ്. ചരിത്ര സത്യങ്ങളെ മൂടിവെക്കാനാവില്ല.
അവ എന്നും തിളക്കമുള്ള രേഖകളായി നമുക്കിടയിൽ ഉണ്ടാവുമെന്നും ഓർക്കണം ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എം.എൽ.എ , കെ. ജി പങ്കജാക്ഷൻ , പി. കെ. നാസർ, പി. സുരേഷ് ബാബു, ഇ.സി. സതീശൻ ,റീന മുണ്ടേങ്ങാട്ട്, ചൂലൂർ നാരായണൻ , എം. കെ. പ്രജോഷ് പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. പി. ഗവാസ് സ്വാഗതവും കൺവീനർ പി. അസീസ് ബാബു നന്ദിയും പറഞ്ഞു.