Wednesday, November 27, 2024
General

16 കോച്ചുള്ള മെമു ഉടനില്ല; സംസ്ഥാനത്ത് അറ്റകുറ്റപ്പണിക്കുള്ള സൗകര്യമില്ലെന്ന് റെയില്‍വേ


തിരുവനന്തപുരം: സംസ്ഥാനത്ത് 16 കോച്ചുകളുള്ള മെമു ട്രെയിന്‍ സര്‍വിസ് ഉടനുണ്ടാകില്ല. 16 കോച്ചുകളുള്ള മെമു ട്രെയിനിന്റെ അറ്റകുറ്റപ്പണിക്ക് നിലവില്‍ സൗകര്യമില്ലാത്തതാണ് പുതിയ മെമുവിന് തടസം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദക്ഷിണ റെയില്‍വേയാണ് ഇതുസംബന്ധിച്ച് മറുപടി നല്‍കിയത്. ബസ് നിരക്ക് വർധന കാരണം യാത്രക്കാര്‍ കൂട്ടമായി ട്രെയിനുകളിലേക്കു മാറുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തെ തിരക്കേറിയ സെക്ഷനുകളില്‍ കൂടുതല്‍ മെമു സര്‍വിസുകളും നിലവിലുള്ള മെമു സര്‍വിസുകളുടെ കോച്ചുകളിൽ വര്‍ധനവും വേണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായിരിക്കെയാണ് 16 കോച്ചുകളുള്ള മെമു ട്രെയിനിനുള്ള സൗകര്യം നിലവിലില്ലെന്ന റെയില്‍വേയുടെ മറുപടി.

കൊല്ലം-എറണാകുളം റൂട്ടിൽ തിരക്ക് പരിഗണിച്ച് ഒരു മാസം മുമ്പ് ആരംഭിച്ച മെമു സര്‍വിസില്‍ ഉള്‍പ്പടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലത്തെ തിരക്കു നേരിടാന്‍ എട്ട് കോച്ചുകള്‍ മാത്രമുള്ള മെമു പര്യാപ്തമല്ലെന്നു യാത്രക്കാര്‍ പറയുന്നു. മാവേലിക്കര എത്തുന്നതിനു മുമ്പുതന്നെ ട്രെയിന്‍ നിറഞ്ഞ് കവിയുകയാണ്. ഇതിനാൽ 16 കോച്ചുകളുള്ള മെമു വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 8 കോച്ചുള്ള മെമുവില്‍ 800 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. 16 കോച്ചുകളാക്കിയാല്‍ ഒരേസമയം 1600 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയും.

കൊല്ലത്തെ മെമു ഷെഡ് വികസനം പൂര്‍ത്തിയായാല്‍ മാത്രമെ 16 കോച്ചുകളുള്ള മെമുവിന് സാധ്യതയുള്ളൂവെന്നാണ് വിവരം. തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഓടുന്ന ഒമ്പത് മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണി കൊല്ലത്താണ് നടക്കുന്നത്. വടക്കന്‍ കേരളത്തിലേത് പാലക്കാടും. കൊല്ലത്ത് അറ്റകുറ്റപ്പണി നടത്തുന്ന അഞ്ച് ട്രെയിനുകള്‍ 12 കോച്ചുകളുടേതും നാലെണ്ണം 8 കോച്ചുകളുടേതുമാണ്. നിലവില്‍ 12 കോച്ചുകളുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത് ഏറെ സമയമെടുത്താണ്. 16 കോച്ചുകള്‍ക്കുള്ള സംവിധാനം നിലവില്‍ വന്നാല്‍ സമയം ലാഭിക്കാം. എന്നാല്‍ ഇതിനുള്ള നടപടികള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഏകദേശം 42 കോടി രൂപയാണ് കൊല്ലത്തെ മെമു ഷെഡ് വികസനത്തിനായി അനുവദിച്ചിട്ടുള്ളത്.

വീല്‍ ലെയ്ത്ത് മെഷിന്‍ സൗകര്യം ഉള്‍പ്പെടെയുള്ള സംവിധാനം വികസനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കൊച്ചുവേളിയിലെ കേന്ദ്രത്തിലേക്കാണ് വീല്‍ ലെയ്ത്തിനു കൊണ്ടുപോകുന്നത്. നാലു ദിവസമെങ്കിലും എടുക്കും ഈ പണികള്‍ പൂര്‍ത്തിയാക്കി കോച്ചുകള്‍ തിരികെ ലഭിക്കാൻ. പണി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് മെമുവിന്റെ സമയക്രമത്തെയും മറ്റും ബാധിക്കുന്നുണ്ട്.

കോച്ചുകള്‍ ഉയര്‍ത്തി അറ്റകുറ്റപ്പണി നടത്താനുള്ള വലിയ ക്രെയിന്‍ സൗകര്യവും പുതിയ ഷെഡില്‍ ലഭ്യമാകും. അതേസമയം, കൊല്ലത്ത് ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അറ്റകുറ്റപണികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൊല്ലം മെമു ഷെഡിലേക്ക് അനുവദിച്ചിരിക്കുന്നത് 54 ജീവനക്കാരെയാണ്. എന്നാല്‍ 43 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇതില്‍ 32 പേരുടെ സേവനം മാത്രമാണ് ഷെഡില്‍ ലഭിക്കുന്നത്. 11 ജീവനക്കാര്‍ മറ്റു സ്ഥലങ്ങളില്‍ മെമുവുമായി ബന്ധപ്പെട്ടുള്ള ജോലികളിലാണ്.


Reporter
the authorReporter

Leave a Reply