പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്നു നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും. ആ കാഴ്ച കണ്ടു തൊഴാൻ പതിനായിരങ്ങൾ എത്തും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ ഇന്നു രാവിലെ രഥാരോഹണം നടക്കും. ഇന്നലെയും നൂറുകണക്കിനുപേരാണ് കൽപാത്തിയിലെത്തിയത്.










