കോഴിക്കോട് : നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്‌ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ ഭർത്താവ് നിധീഷിനെതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്.
അശോകപുരത്തെ കോസ്റ്റ്ഗാർഡ് ഓഫീസിന് മുൻപിൽ മീൻ കട നടത്തിയാണ് ശ്യാമിലി ഉപജീവനം നയിച്ചിരുന്നത്. ഇവിടെയെത്തിയായിരുന്നു നിധീഷിന്റെ അതിക്രമം. മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
മദ്യലഹരിയിൽ നിധീഷ് ശ്യാമിലിയെ ഇതിന് മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. നിധീഷ് ശ്യാമിലിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ശ്യാമിലിയ്‌ക്കെപ്പാമുണ്ടായിരുന്ന സ്ത്രീകളിൽ ഒരാളാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പോലീസിനെ വിളിച്ചതും ഇവരാണ്. മർദ്ദനത്തിന് പുറമേ ശ്യാമിലിയെ ഇയാൾ കേട്ടാൽ അറയ്‌ക്കുന്ന അസഭ്യം പറയുന്നതായും വീഡിയോയിൽ കേൾക്കാം.
മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്
ഭര്‍ത്താവിന്റെ നിരന്തരമര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്.ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല. കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു.