General

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആർബിഐ പിഴ ചുമത്തുമോ? അറിയാം

Nano News

പല ആവശ്യങ്ങൾക്കായി ഇന്നത്തെ കാലത്ത് ഒരാൾക്ക് തന്നെ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് പ്രധാനമാണ്. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തുമെന്നുള്ള വാർത്ത ഈ അടുത്ത് പ്രചരിച്ചിരുന്നു. ഇതോടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ള ഉടമകൾ പരിഭ്രാന്തരായിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ്?

ഈ വാർത്തയ്ക്ക് പിന്നിലെ വാസ്തവം പ്രസ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പിഐബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് പിഐബി അതിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ഇതിനെ കുറിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. പിഐബി പറയുന്നത് പ്രകാരം, ആർബിഐ അത്തരം മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വ്യാജ സന്ദേശങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിലവിൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ സൂക്ഷിക്കാൻ പിഴ ഒന്നും നൽകേണ്ടതില്ല. ഇത്തരം വ്യാജ വാർത്തയെ തുടർന്ന് ഉപഭോക്താക്കൾ അക്കൗണ്ടുകൾ ഒന്നും തന്നെ ക്ലോസ് ചെയ്യേണ്ടതില്ല. ഇത്തരം വാർത്തകൾ ഏജൻസി തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട് എന്നും ഇത്തരം വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണം എന്നും പിഐബി ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകളോ മാർഗ്ഗനിർദ്ദേശങ്ങളോ പരിശോധിക്കാൻ പിഐബി ഫാക്റ്റ് ചെക്കിൻ്റെ സേവനവും ഉപയോഗിക്കാമെന്നും ഇതിനായി, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുടെ സ്ക്രീൻഷോട്ട്, ട്വീറ്റ്, ഫേസ്ബുക്ക് പോസ്റ്റ് അല്ലെങ്കിൽ യുആർഎൽ എന്നിവ പിഐബി ഫാക്റ്റ് ചെക്കിന്റെ വാട്ട്‌സ്ആപ്പ് നമ്പറായ 8799711259 ലേക്ക് അയയ്‌ക്കുകയോ factcheck@pib.gov.in എന്ന ഇ-മെയിലിലേക്ക് ഇമെയിൽ ചെയ്യുകയോ ചെയ്യാം എന്നും പിഐബി അറിയിച്ചു.


Reporter
the authorReporter

Leave a Reply