കോഴിക്കോട്: ചില്ലു ജനാലയിൽ അലസം പെയ്ത് കുഞ്ഞിക്കുളിരായി ചാലിട്ടൊഴുകി… വെള്ളിമുടുകുന്നിലെ ദേവേട്ടന്റെ ചായക്കടയിലിരുന്ന് എം എം സചീന്ദ്രൻ മഴയുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ചുള്ള പെരുമഴക്കാലം എന്ന കവിത ചൊല്ലുകയാണ്. തുടർന്ന് ചൂടുള്ള ചായയ്ക്കും കടിയ്ക്കുമൊപ്പം ചൂടേറിയ ചർച്ചകൾ.. അസ്വസ്ഥതകൾ പങ്കുവെക്കൽ.. പാഠഭേദത്തിന്റെയും റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെയും നേതൃത്വത്തിൽ വെള്ളിമാടുകുന്ന് നടന്ന ക്ലൈമറ്റ് കഫെ എന്ന പരിപാടി വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമായി.
കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ സാധാരണക്കാർ കൂടിയിരുന്ന് കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ചെറു കൂട്ടായ്മയായിരുന്നു അത്. യൂറോപ്പിൽ ആരംഭിച്ച ഈ ആശയം തുടർച്ചയായി സംഭവിക്കുന്ന പ്രകൃതി ക്ഷേഭങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും സംഘടിപ്പിക്കാൻ ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. പ്രകൃതിയെക്കുറിച്ചുള്ള ആശങ്കകളും ആലോചനകളും അക്കാദമികൾക്കും പരിസ്ഥിതി വിദഗ്ധർക്കും മാത്രമായി വിട്ടുകൊടുക്കുന്നതിനെന്തിനെന്ന ചോദ്യത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിന്റെ തുടക്കം. ചൂടു ചായയ്ക്കും ഉണ്ണിയപ്പത്തിനും ഇടയിൽ മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, ഇരകളാവുന്ന സാധാരണക്കാർ മാറുന്ന കാലാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ബൈജു മേരിക്കുന്നിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, സിവിക് ചന്ദ്രൻ, എ പി കുഞ്ഞാമു, എം എം സചീന്ദ്രൻ, അപർണ്ണ ശിവകാമി, ഡോ. രേണുക, ഷാജി പോലൂർ, സനീഷ് പനങ്ങാട്, സഞ്ജയ് മാത്യു, പ്രവീൺ പുതുവയൽ, വിനീഷ് ആരാധ്യ, ബിൻസി സഹദേവൻ, രത്നാകരൻ, മഖ്സൂദ്, സാബു കുന്നത്ത് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. മഴയെക്കുറിച്ചും മലവെള്ളപ്പാച്ചിലിനെക്കുറിച്ചും മണ്ണിനിടയിൽ മറഞ്ഞുപോകുന്ന ജീവനുകളെക്കുറിച്ചും സംസാരിച്ചു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും പരിസ്ഥിതിയെ തകർക്കുന്ന വൻകിട പദ്ധതികളും യാതൊരു ബോധവുമില്ലാതെ നികത്തപ്പെടുന്ന വയലുകളെക്കുറിച്ചും ഇവയെല്ലാം സൃഷ്ടിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും പരിപാടി ചർച്ച ചെയ്തു.
ഇതിനോടകം കേരളത്തിലെ വിവിധ ജില്ലകളിലായി 16 സ്ഥലങ്ങളിൽ കഫേ സംഘടിപ്പിക്കപ്പെട്ടു വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കൂട്ടായ്മകൾ നടക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാമുള്ള ബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ച് പരിപാടിയുമായി മുന്നോട്ടുപോകാനാണ് സംഘാടകരുടെ ആലോചന.