Saturday, January 25, 2025
Latestpolice &crime

വാഹന മോഷണം: പ്രതി പോലീസ് പിടിയിൽ


കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതിയെ ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ്സിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ (41 വയസ്സ്) നെയാണ് വി കെ പടിയിലെ വീടിൻ്റെ പരിസരത്ത് നിന്നും പിടികൂടിയത്.

ഈ മാസം 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പം തൻ്റെ ഫോർഡ് കാറിൽ വരികയും പാർക്ക് ചെയ്ത് പോയപ്പോൾ കാറിൻ്റെ താക്കോൽ എടുക്കാൻ മറക്കുകയും ചെയ്തു എന്നാൽ പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാർ നിർത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാർ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നിർദ്ദേശാനുസരണം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശൻ്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുന്നതിനും മുമ്പ് ഇത്തരം വാഹനങ്ങൾ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്ന തിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നുന്നത്. നല്പത് കിലോമീറ്ററിനുള്ളിലെ പെട്രോൾ പമ്പിലേത് ഉൾപ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.വലിയ സ്ക്രീനിൽ വെച്ച് നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പോലീസിന് ലഭിച്ചിരുന്നത്. എങ്കിലും ഏകദേശം പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് ആർ.സി മാറ്റുന്നതിനിടെ ഒ.ട്ടി.പി ക്കായി യഥാർത്ഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിക്കാനിടയായത്.

വിവരമറിഞ്ഞ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആർ.സി മാറ്റാൻ വന്നവരെ കാണുകയും ചെയ്തു. അവർ നാലു ദിവസം മുമ്പ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടർന്ന് അവരൊടൊപ്പം മോഷണം നടത്തിയ ഷറഫുദീൻ്റെ വീടിനടുത്ത് എത്തുകയും പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടുന്നത്.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും സബ്ബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു

വിദേശത്ത് ജോലി ചെയ്തിരുന്ന ഷറഫുദീൻ നാട്ടിലെത്തുകയും പിന്നീട് വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയുമായിരുന്നു. തുടർന്ന് ജോലി അന്വേഷിച്ച് കോഴിക്കോട് വരികയും മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തി കടന്നു കളഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ റസ്സൽ രാജ്, കെ.പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.ശ്രീകാന്ത് എസ്.ശരത്ത്,ഇ.ടി ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.


Reporter
the authorReporter

Leave a Reply