കോഴിക്കോട്: കാറ്റില്ലെങ്കിൽ ഉറങ്ങുന്ന പട്ടവും, മുറ്റത്ത് വീണാൽ കരിയിലകളാവുന്ന ഇലകളും, മേഘത്തിനുള്ളിൽ ഒളിക്കുന്ന മഴവില്ലുമെല്ലാം അഞ്ചു വയസ്സുകാരിയുടെ കുഞ്ഞു മനസ്സിലെ വലിയ ചിന്തകളായപ്പോൾ ആ കുട്ടിക്കവിതാസമാഹാരത്തിൻ്റെ പ്രകാശനം ശ്രദ്ധേയമായി. മുത്താലം വിവേകാനന്ദ വിദ്യനികേതനിലെ യു.കെ.ജി വിദ്യാർഥിനി ആഗ്ന യാമി രചിച്ച് പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ‘വർണ്ണപ്പട്ടം’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനമാണ് വ്യത്യസ്തത കൊണ്ട് വേറിട്ട് നിന്നത്.
കോഴിക്കോട് പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുസ്തകത്തിൻ്റെ ആദ്യ പ്രതി നോവലിസ്റ്റ് യു.കെ.കുമാരന് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു.
കൊച്ചു കുട്ടികൾ പോലും ഇൻറർനെറ്റിലും ഗെയിമുകളിലും അടിമപ്പെട്ട് വാശിയും വികൃതിയുമായി സൈക്കോളജിസ്റ്റുകളെയും സൈക്യാട്രിസ്റ്റുകളെയും തേടിപ്പോവുന്ന കാലത്ത്, വലിയ ആശയങ്ങളിലേക്ക് വാതായനങ്ങൾ തുറക്കുന്ന കവിതകൾ എഴുതുന്ന ആഗ്ന യാമി മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ എഴുത്തുകാരൻ പി.ആർ. നാഥൻ അനുഗ്രഹപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തക ഷിദ ജഗത്ത് പുസ്തക പരിചയം നടത്തി.
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് കാൻസർ വാർഡിലെ കുരുന്നുകൾക്ക് വേണ്ടിയുള്ള അക്ഷരോപഹാരം ആഗ്ന യാമിയിൽ നിന്ന് സി. ഫോർ സി.സി.ഐ പ്രസിഡൻ്റ് ഡോ.ഒ.സി.ഇന്ദിര ഏറ്റുവാങ്ങി. ആഗ്ന യാമി മറുപടി പ്രസംഗം നടത്തി.പേരക്ക ബുക്സ് മാനേജിങ് എഡിറ്റർ ഹംസ ആലുങ്ങൽ, അജയ് ശ്രീശാന്ത്, ശ്രുതി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.