Friday, December 27, 2024
GeneralLatest

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം, തീയിട്ടെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍


വടകര :താലൂക്ക് ഓഫീസിന് തീയിട്ടെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശിയായ സതീഷ് നാരായണന്‍ ആണ് പൊലീസ് പിടിയിലായത്. മുമ്പ് തീപിടിത്തം ഉണ്ടായ സമീപത്തെ കെട്ടിടങ്ങളില്‍ ഇയാള്‍ വന്നിരുന്നു എന്ന് പൊലീസ് കണ്ടെത്തിയട്ടുണ്ട്. ഇതോടെയാണ് ഇയാളെ വടകര പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

താലൂക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് അറിയുന്നത്. തീപിടിത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ഓഫീസ് കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. ഫയലുകളും, കമ്പ്യൂട്ടറുകളും കത്തിപ്പോയിരുന്നു. അഗ്നിരക്ഷാസേനയുടെ 10 യൂണിറ്റോളം എത്തിയാണ് തീ അണച്ചത്. അതേസമയം തിങ്കളാഴ്ച മുതല്‍ ഓഫീസ് ഒരു താല്‍കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

അതേസമയം തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎല്‍എ ആരോപിച്ചു. ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫീസുകളിലാണ് തീപിടിത്തമുണ്ടായത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെകെ രമ ആവശ്യപ്പെട്ടിരിക്കുന്നത്.


Reporter
the authorReporter

Leave a Reply