GeneralPolitics

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; അവസാനഘട്ട ഓട്ടത്തില്‍ സ്ഥാനാര്‍ഥികള്‍


വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. 7.5 കോടി വോട്ടര്‍മാര്‍ ഇതിനകം വോട്ടുചെയ്തെങ്കിലും നാളെയാണ് ശേഷിക്കുന്നവരും വോട്ടു രേഖപ്പെടുത്തുക. ഒരുവര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് പൊതു വോട്ടെടുപ്പ് നടക്കാറുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും തമ്മിലാണ് മത്സരം. കഴിഞ്ഞയാഴ്ച വരെ മുന്നിട്ടുനിന്നിരുന്ന കമലാ ഹാരിസിനെ പിന്തള്ളി ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ഫലം നിര്‍ണയിക്കുന്ന സ്വിംഗ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലാണ് ഇന്നലെ ട്രംപ് പ്രചാരണം നയിച്ചത്. മറ്റു സ്വിംഗ് സംസ്ഥാനങ്ങളായ നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും ട്രംപ് ഇന്ന് പ്രചാരണം നടത്തും. ഇവിടങ്ങളില്‍ വിജയം ഉറപ്പിക്കുകയാണ് ലക്ഷ്യം. പെന്‍സില്‍വാനിയ 19 ഇലക്ടറല്‍ വോട്ടുള്ള സംസ്ഥാനമാണ്.

മിഷിഗണിലായിരുന്നു കമലാ ഹാരിസിന്റെ ഇന്നലത്തെ പ്രചാരണം. ഈസ്റ്റ് ലാന്‍സിങ്ങിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലാണ് കമല ഇന്നലെ പ്രചാരണം അവസാനിപ്പിച്ചത്. മിഷിഗണ്‍ 15 ഇലക്ടറല്‍ വോട്ടുള്ള സംസ്ഥാനമാണ്. ട്രംപ് പ്രചാരണത്തിനെത്തുന്ന സംസ്ഥാനങ്ങളില്‍ കമലയ്ക്ക് വേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും രംഗത്തെത്തും. നിലവില്‍ വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസിന് പിന്തുണയുമായി പ്രഥമ വനിത ജില്‍ ബൈഡന്‍ ഇന്ന് പെന്‍സില്‍വാനിയയില്‍ പ്രചാരണം നടത്തും. ജോര്‍ജിയയില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് പ്രചാരണത്തിന് എത്തുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി വാന്‍സ് ഫ്ളോറിഡയിലും പെന്‍സില്‍വാനിയയിലും ന്യൂഹാംപ്ഷെയറിലും പ്രചാരണം നടത്തി.


Reporter
the authorReporter

Leave a Reply