GeneralHealth

ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം


കോഴിക്കോട്: ഉള്ള്യേരിയിലെ സ്വകാര്യആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യുടെ കുഞ്ഞാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്.

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെത്തുടര്‍ന്ന് സാധാരണപോലെ ചൊവ്വാഴ്ച മരുന്നുവച്ചു. എന്നാല്‍ വേദനയുണ്ടാകാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. അന്ന് ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. ഇതോടെ സുഖപ്രസവം നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാത്രിയോടെ വേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും ചെയ്യാന്‍ തയാറായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

48 മണിക്കൂറിന് ശേഷം മാത്രമേ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നും കുട്ടിയുടെ മരണം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച മൂലമാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


Reporter
the authorReporter

Leave a Reply