Tuesday, December 3, 2024
EducationGeneral

ഗോത്രകലോത്സവം: വിധികര്‍ത്താക്കളെ ചൊല്ലി തര്‍ക്കം തുടര്‍ക്കഥ


പാലക്കാട്: സ്‌കൂള്‍ കലോത്സവങ്ങളില്‍ ഈവര്‍ഷം മുതല്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ കലകളില്‍ പ്രാവീണ്യമുള്ള വിധികർത്താക്കളില്ലാത്തതിനെ ചൊല്ലിയുള്ള പരാതികള്‍ വ്യാപകമാകുന്നു. ഉപജില്ലാ തലം മുതല്‍ സംസ്ഥാനതലം വരെ നടക്കുന്ന മത്സരങ്ങളില്‍ അഞ്ചു ഗോത്രകലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിക്കയിടത്തും ഈ കലകളില്‍ യോഗ്യതയുള്ള വിധികര്‍ത്താക്കള്‍ക്ക് പകരം നാടോടിനൃത്തം, നാടന്‍പാട്ട് എന്നിവയുടെ വിധികര്‍ത്താക്കളെയാണ് വച്ചിട്ടുള്ളതെന്ന് ആദിവാസി സംഘടനകള്‍ പരാതിപ്പെട്ടു.

കിര്‍ത്താഡ്‌സ് ഡയരക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് സ്‌കൂള്‍ കലോത്സവ മാനുവല്‍ സര്‍ക്കാർ പരിഷ്‌കരിച്ചത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി/വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ആട്ടം പാട്ടം), പളിയരുടെ പളിയനൃത്തം, മലപ്പുലയരുടെ ആട്ടം പാട്ടം എന്നീ അഞ്ച്‌ ഗോത്രകലകളാണ് കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയത്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. തുളുവിലും മലയാളത്തിലുമുള്ള പാട്ടുകളായിരിക്കും മംഗലംകളിയില്‍ ഉണ്ടാവുക. പണിയര്‍ ഗോത്രത്തിലെ പുരുഷന്മാര്‍ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കമ്പളകളിയും വട്ടക്കളിയും. കരു, പറ, ഉടുക്ക് തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ് ഇരുളനൃത്തം.

തുകലുകൊണ്ടും മുളകൊണ്ടും നിർമിച്ച വാദ്യങ്ങളാണ് ഇരുളനൃത്തത്തില്‍ ഉപയോഗിക്കുന്നത്. തമിഴ്, കന്നട, മലയാളം എന്നിവ കലര്‍ന്ന ഭാഷയാണ് ഇരുളനൃത്തത്തിന്റെ പാട്ടുകളിലുള്ളത്. പളിയ ആദിവാസി ഗോത്രത്തിന്റെ പാരമ്പര്യ നൃത്തമാണ് പളിയനൃത്തം. രോഗശമനം, മഴ എന്നിവയ്ക്ക് വേണ്ടിയാണ് പളിയനൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് അവതരിപ്പിക്കുന്ന മലപ്പുലയ ഗോത്രവിഭാഗത്തിന്റെ നൃത്തരൂപമാണ് മലപ്പുലയ ആട്ടം.

തനത് ഭാഷയില്‍ വായ്‌മൊഴിയായി തുടരുന്ന പാട്ടുകളിലും അകമ്പടിയായുള്ള ആദിതാളങ്ങളിലും ഇടവിട്ടുയരുന്ന വായ്താരികളിലും ക്രമാനുഗതമായ ശരീരചലനങ്ങളിലുമാണ് ഗോത്രനൃത്തങ്ങളുടെ ജീവനിരിക്കുന്നതെന്ന് അട്ടപ്പാടിയിലെ ഗോത്രകലാകാരി അനു പ്രശോഭിനി പറയുന്നു. ഉപജില്ല, ജില്ലാ കലോത്സവങ്ങളില്‍ മിക്കയിടത്തും ഗോത്രകലകളുമായി ബന്ധമില്ലാത്തവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഗോത്രവിഭാഗം കലാകാരന്മാരെ സംഘാടകര്‍ നിയമിച്ചെങ്കിലും അവരെക്കുറിച്ചും പരാതികളുണ്ടായി.

ഗോത്രകലകളെക്കുറിച്ചു പഠനം നടത്തുന്നവരുടെയും കലാകാരന്മാരുടെയും ഒരു പാനല്‍ കോഴിക്കോട് കിര്‍ത്താഡ്‌സ് തയാറാക്കിയിട്ടുണ്ട്. ഇവരെ വിധികര്‍ത്താക്കളായി വിളിക്കാമെങ്കിലും ഓരോ ജില്ലകളിലും കലോത്സവം നടത്തുന്ന അധ്യാപക സംഘടനകളാണ് വിധികര്‍ത്താക്കളെ നിശ്ചയിച്ചു വിദ്യാഭ്യാസവകുപ്പിന് അയച്ചു കൊടുക്കുന്നത്.

മിക്കയിടത്തും സ്‌കൂള്‍- ജില്ലാ കലോത്സവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കലാരൂപം അന്യംനിന്നുപോവാതിരിക്കാനും കലയിലൂടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങൾ സംരക്ഷിക്കപ്പെടാനും സംസ്ഥാന കലോത്സവത്തിൽ ഗോത്രകലകളില്‍ പ്രാവീണ്യമുള്ള വിധികര്‍ത്താക്കളെ നിശ്ചയിക്കാന്‍ സംഘടസമിതി തയാറാവണമെന്ന് ആദിവാസിസംഘടനകള്‍ പറയുന്നു.


Reporter
the authorReporter

Leave a Reply