Politics

തിരുവനന്തപുരത്തെ മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിൽ പന്ന്യന്‍ രവീന്ദ്രന്‍; തള്ളി എം.വി ഗോവിന്ദന്‍


തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂര്‍ ചിത്രത്തില്‍ ഇല്ല. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ തരൂരിനെ കൈവിട്ടു. തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരില്‍ നിന്നും കൊഴിയുന്ന വോട്ടുകള്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കുറച്ചുകൂടി മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു . ബിജെപിയെ ഫൈറ്റ് ചെയ്യേണ്ടത് ഇടതുപക്ഷമാണ്. പക്ഷെ എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള അകലം, നമ്മുടെ കണക്ക് അനുസരിച്ച് 99.5 ശതമാനത്തിന്റെ അകലമുണ്ട്. പ്രചാരണം തുടങ്ങിയപ്പോഴത്തേതില്‍ നിന്നും ബഹുദൂരം മുന്നിലാണ് ഇപ്പോള്‍ ഇടതുപക്ഷം. തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന തരൂരിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

അതേസമയം, പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരില്ലെന്നും തിരുവനന്തപുരത്ത് മല്‍സരം പന്ന്യനും തരൂരും തമ്മിലാണെന്നും അദ്ദേഹം തിരുത്തി.

കേരളത്തില്‍ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പില്‍ വര്‍ധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply