Saturday, November 23, 2024
General

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ജീവനക്കാരൻ തന്നതെന്ന് മൊഴി


തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന് മൊഴി നൽകി. പൂജാ പാത്രം പുറത്ത് കൊണ്ടു പോയപ്പോൾ ആരും തടഞ്ഞതുമില്ലെന്ന് ഗണേശ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വിളിച്ചിരുന്നുവെങ്കിൽ മടക്കി നൽകിയേനെയെന്നും പറഞ്ഞ ഗണേശ് ജാ ഹോട്ടലിൽ നിന്നും പാത്രം പൊലീസിന് കൈമാറി. അതേസമയം, പിടിയിലായ പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും.

13 ന് നടന്ന മോഷണം,15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്.
താമസിച്ച ഹോട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്.

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരേയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ നിന്നും പ്രതികളെ പിടികൂടുന്നത്. അതേസമയം അതീവ സുരക്ഷയുള്ള മേഖലിയിൽ നിന്നും മോഷണം പോയത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.


Reporter
the authorReporter

Leave a Reply