കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എക്ക് പിന്തുണയുമായി മറ്റൊരു സി.പി.എം എം.എല്‍.എ രംഗത്ത്. കായംകുളം എം.എല്‍.എ അഡ്വ. യു. പ്രതിഭയാണ് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
‘പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം ഒരു വലിയ കൂട്ടുക്കെട്ടിന് നേര്‍ക്കുനേര്‍ ആണ്. പിന്തുണ’ എന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. ആദ്യമായാണ് ഒരു ഭരണകക്ഷി എം.എല്‍.എ പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ പരസ്യ പിന്തുണ അറിയിക്കുന്നത്.
പി.വി. അന്‍വറിന്റേത് സത്യസന്ധമായ അഭിപ്രായമാണെന്ന് പ്രതിഭ പറഞ്ഞു. ആഭ്യന്തര വകുപ്പില്‍ എക്കാലത്തും ഒരു പവര്‍ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് പരിശോധിക്കണമെന്നും ഒരു സംവിധാനത്തിലെ തിരുത്തലാണ് അന്‍വര്‍ ഉദ്ദേശിക്കുന്നത്. അത് മുഖ്യമന്ത്രിക്കെതിരെയാണെന്ന് വരുത്തുന്നത് മാധ്യമങ്ങളാണെന്നും വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിഭ ചൂണ്ടിക്കാട്ടി.
സ്വകാര്യ ടിവി ചാനല്‍ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിനും പ്രതിഭ പിന്തുണ അറിയിച്ചു.
‘സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടര്‍ നിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവര്‍ത്തനം. ഇത്തരക്കാര്‍ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാന്‍ രാഷ്ട്രീയത്തില്‍ വരുന്നവരെ അടിച്ചു പുറത്താക്കണം. പിന്തുണ’ എന്ന് പ്രതിഭ സമൂഹമാധ്യമത്തില്‍ കുറിച്ചു.