കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഉത്തർപ്രദേശ് സ്വദേശികളായ വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ട് സംഘങ്ങളിലായാണ് കാണാതായ രണ്ടുപേരും ബീച്ചിൽ എത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് കാണാതായ രണ്ടുപേരിലെ ഒരാളായ സെഹ്ബാൻ. 11 അംഗ സംഘമായാണ് സെഹ്ബാൻ ബീച്ചിൽ എത്തിയത്. ഇവർ കടലിൽ കുളിക്കുന്നത് നാല് പേർ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും സെഹ്‌ബാൻ തിരയിൽപ്പെടുകയായിരുന്നു.
വാഹിദ് ഇടപ്പള്ളിയിൽ നിന്നുള്ള ആറംഗ സംഘത്തോടൊപ്പമാണ് ചെറായിയിൽ എത്തിയത്. കുളിക്കുന്നതിനിടെ വാഹിദ് തിരയിൽപ്പെടുകയായിരുന്നു.
ഇരുവർക്കും വേണ്ടി ഇന്നലെ തന്നെ കോസ്റ്റ്ഗാർഡും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്തതിനാൽ ഇന്നലെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ തെരച്ചിൽ വീണ്ടും തുടരും.