കണ്ണൂർ: സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ദിവ്യയുടെ പ്രതികരണം. തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യക്കുണ്ട്. ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.
നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നായിരുന്നു ജയിൽ മോചിതയായ പിപി ദിവ്യയുടെ ആദ്യപ്രതികരണം. സദുദ്ദേശപരമായിരുന്നു ഇടപെടലെന്ന് ആവര്‍ത്തിച്ച ദിവ്യ തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു. 11 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദിവ്യ ജയിൽ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.