കണ്ണൂർ;വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലീം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കുകയാണോ എന്നും മുസ്‍ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിലെ പി.എസ്.സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. സർക്കാറിന് ഒരു പിടിവാശിയുമില്ല. മതസംഘടനങ്ങൾക്ക് കാര്യം ബോധ്യമായി.എന്നാൽ ലീഗിന് മാത്രം ബോധ്യമായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. മുസ്ലീങ്ങളുടെ മൊത്തം അട്ടിപേറവകാശം മുസ്ലം ലീഗ് പേറി നടക്കുവാണോ. ഞങ്ങളെ കൂടെ അണി നിരക്കുന്ന മുസ്ലീങ്ങളില്ലേ. മലപ്പുറം ജില്ലയിലെ കഴിഞ്ഞ വോട്ടിംഗ് നിരനോക്കിയാൽ മതി. എൽ.ഡി.എഫ് വോട്ടിംഗ് ഗ്രാഫ് വലിയ തോതിൽ ഉയർന്നു. ഏതെങ്കിലും മതവിഭാഗത്തിന്റെ അട്ടിപേറവകാശം ലീഗിനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന്റെ വികസന പദ്ധതികളെയെല്ലാം യു.ഡി.എഫ് എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.