കോഴിക്കോട്: ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ മാധ്യമങ്ങള്‍ എന്ത് പറയണം, എന്തെഴുതണം എന്നെല്ലാം ഭരണകൂടം തീരുമാനിക്കുന്നത് ഏകാധിപത്യമാണെന്നും ആ സ്ഥതിവിശേഷമാണിപ്പോള്‍ രാജ്യത്തുണ്ടായതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഇത്തരം നടപടി അടിയന്തിരാവസ്ഥ കാലത്ത് മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങിടുന്ന നടപടി നേരത്തെയും കേന്ദ്രം സര്‍ക്കാറില്‍ നിന്നുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ റിപ്പോര്‍ട്ടിങിന് പോയ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ചതും നാം കണ്ടതാണ്. യു.പി സര്‍ക്കാറിന്റെ ആരോഗ്യരംഗത്തെ വീഴ്ച തുറന്നുപറഞ്ഞ ഡോ. കഫീല്‍ ഖാനെതിരായ നടപടിയും നമുക്കോര്‍മ്മയുണ്ട്. കുറ്റവിമുക്തനായിട്ടും സര്‍ക്കാര്‍ അദ്ദേഹത്തിനെതിരായ നടപടികളില്‍ നിന്ന് പിന്നോട്ടുപോയില്ല. മീഡിയവണ്‍ വാര്‍ത്തകളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയുമാണ് വേണ്ടത്. എന്നാലിവിടെ നിയമങ്ങള്‍ പാലിക്കാതെയും വിശദീകരണങ്ങള്‍ ചോദിക്കാതെയുമാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടന്നത് വെല്ലുവിളിയാണ്. ഇന്ന് മീഡിയവണ്ണിനെതിരെയാണെങ്കില്‍ നാളെ മറ്റു സ്ഥാപനങ്ങള്‍ക്കെതിരെയും ഈ നീക്കമുണ്ടാവും. ഇതിനെതിരായ മുഴുവന്‍ പത്രപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളം പൊതുജനങ്ങളും രംഗത്തുവണമെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലാബിന് മുന്നില്‍ നടന്ന സംഗമത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷതവഹിച്ചു.
എന്തിന്റെ പേരിലാണ് മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ഞങ്ങള്‍ക്കിപ്പോഴും അറിയില്ലെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തെ നിരോധിക്കുമ്പോള്‍ എന്തിനാണ് നിരോധിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്കുണ്ട്. അത് പാലിക്കപ്പെട്ടില്ല. സ്ഥാപനത്തോടും നിരോധന കാരണം പറഞ്ഞില്ല. സുരക്ഷാകാരണങ്ങളാലെന്ന് പറയുന്നു. എന്നാല്‍ അതെന്താണെന്ന് വ്യകതമാക്കുന്നില്ല. മാധ്യമസ്ഥാപനങ്ങള്‍ക്ക് താഴിട്ട് പൂട്ടാനുള്ള ലളിത ചിന്ത അവിടെ ഇരിക്കുകയേ ഉള്ളുവെന്നും ഇത് ജനാധിപത്യ വിശ്വാസികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പി.ടി. നാസര്‍, കെ.സി. റിയാസ്, ജിനേഷ് പൂനത്ത്, പി.വി. ജീജോ, എം.പി. പ്രശാന്ത്, ഇ.പി. മുഹമ്മദ്, പി.എല്‍. കിരണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതം പറഞ്ഞു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടന്നു. ബി.എസ്. മിഥില, സോഫിയ ബിന്ദ്, ബിജുനാഥ്, സനോജ് ബേപ്പൂര്‍, ബി. സൂര്യ, കെ.പി. സജീവന്‍, ഹാഷിം എളമരം, കെ.കെ. ഷിദ എന്നിവര്‍ നേതൃത്വം നല്‍കി.