LatestLocal News

ആപത്ഘട്ടങ്ങളിൽ സഹായഹസ്തവുമായെത്തുന്ന അമൃതാനന്ദമയീമഠത്തിന്റെ സ്‌നേഹം വിലമതിക്കാനാകാത്തത്; എം.കെ രാഘവൻ എം.പി


കോഴിക്കോട്:   ആപത്ഘട്ടങ്ങളിലെല്ലാം സഹായഹസ്തവുമായെത്തുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും അമൃതാനന്ദമയീമഠത്തിന്റെയും സ്‌നേഹം വിലമതിക്കാനാകാത്തതാണെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. അമൃതശ്രീ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണോദ്ഘാടനം പുതിയാപ്പ ശ്രീ ഭഗവതി ധർമ്മപരിപാലന അരയസമാജം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുനാമിയും പ്രളയവുമെല്ലാം ഉണ്ടായപ്പോൾ ആ അവസരങ്ങളിൽ ദുരിതബാധിതർക്ക് കൈത്താങ്ങായെത്തിയത് അമ്മയുടെ സ്‌നേഹസ്പർശമാണ്. വിദേശരാജ്യങ്ങളിൽ പോലും ദുരിതങ്ങൾ അനുഭവിക്കുന്നവരിലേക്ക് സഹായങ്ങളെത്തിക്കുന്ന അമൃതാനന്ദമയീമഠത്തിന്റെ പ്രവർത്തനങ്ങൾ ഏറെ മഹത്തരമാണെന്നും എം.കെ രാഘവൻ കൂട്ടിച്ചേർത്തു.
സഹജീവികളോടുള്ള കരുണയാണ് യഥാർത്ഥ ആധ്യാത്മികതയെന്ന് തെളിയിക്കുന്നതാണ് അമൃതശ്രീ പോലെയുള്ള മാതാ അമൃതാനന്ദമയീമഠത്തിന്റെ സേവനങ്ങളെന്ന് ചടങ്ങിൽ ആശംസാപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അഭിപ്രായപ്പെട്ടു. കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമൃതശ്രീ കോ-ഓർഡിനേറ്റർ ആർ.രംഗനാഥൻ, പുതിയാപ്പ അരയ സമാജം പ്രസിഡന്റ് എം.പി പ്രസാദ് എന്നിവർ സംസാരിച്ചു. കോഴിക്കോട് മേഖലയിൽ 6000 ത്തിലധികം കുടുംബങ്ങൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്.
കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ വിവിധ സഹായപദ്ധതികൾക്കായി ആകെ 85 കോടി രൂപയുടെ ധനസഹായം അമൃതാനന്ദമയീ മഠം നൽകിയിരുന്നു. അമൃതശ്രീ പദ്ധതി 17 വർഷം  പിന്നിടുന്നതിനോടനുബന്ധിച്ച് ധനസഹായത്തിന് പുറമെ, ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എല്ലാ ജില്ലകളിലും വിതരണം ചെയ്ത് വരുകയാണ്. ഇതിനു പുറമേ തൊഴിൽരഹിതർക്കും, സാമ്പത്തികമായി ദുർബലരായ സ്ത്രീകൾക്കുമായുള്ള സാമ്പത്തിക സഹായങ്ങടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സുനാമിയുടെ പശ്ചാത്തലത്തിൽ 2004 ലാണ് വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ പദ്ധതി ആരംഭിക്കുന്നത്. വൈദഗ്ധ്യം ആവശ്യമായ വിവിധ തൊഴിലുകൾക്കുള്ള പരിശീലനം, കൈത്തൊഴിൽ പരിശീലനം, ചെറുകിട സംരംഭങ്ങൾക്കായുള്ള സാമ്പത്തിക സഹായങ്ങൾ തുടങ്ങിയവും ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.

Reporter
the authorReporter

Leave a Reply