GeneralHealthLatest

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്


പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഈ അവബോധം എല്ലാവരിലുമെത്തിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം.

പ്രതിരോധ മാര്‍ഗങ്ങള്‍

· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
· മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.


Reporter
the authorReporter

Leave a Reply