Sunday, December 22, 2024
GeneralLatest

മാദ്ധ്യമങ്ങൾ വാർത്തകൾ മുഖംനോക്കാതെ നൽകണമെന്ന് ഗവർണർ


തിരുവനന്തപുരം: ഭരണാധികാരികൾക്ക് പ്രിയങ്കരമാണെങ്കിലും അല്ലെങ്കിലും വാർത്തകൾ മുഖംനോക്കാതെ റിപോർട്ട് ചെയ്യുക എന്നതാണ് നല്ല മാദ്ധ്യമപ്രവർത്തകന്റെ കടമയെന്ന് ഗവർണർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മാദ്ധ്യമങ്ങൾ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കണമെന്നും വസ്തുതകൾ മുഖംനോക്കാതെ പറയുക എന്നതാണ് യഥാർത്ഥ മാദ്ധ്യമധർമമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാർഡ് വിതരണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ഗവർണർ.
 ഏറ്റവും മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് തത്മസയം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റർ കെ.സി റിയാസ് ഗവർണറിൽനിന്ന് ഏറ്റുവാങ്ങി.
25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അസ്വാഭാവിക മാറ്റങ്ങളും പ്രളയാനന്തര കരുതലും എന്ന മുഖപ്രസംഗമാണ് റിയാസിനെ അവാർഡിന് അർഹനാക്കിയത്. സംസ്ഥാന തലത്തിൽ റിയാസിന്റെ അഞ്ചാമത് അവാർഡാണിത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്.
 ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷനായി. എം വിൻസെന്റ് എം.എൽ.എ, മീഡിയ അക്കാദമി വൈസ് ചെയർമാൻ ദീപു രവി, മാദ്ധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോം, കേരള മീഡിയ അക്കാദമി അസി. സെക്രട്ടറി കെ കല, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം ശങ്കർ പ്രസംഗിച്ചു.
അക്കാദമിയുടെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പി.ജി ഡിപ്ലോമ കോഴ്‌സിന്റെ കോൺവോക്കേഷനും ഗവർണർ നിർവഹിച്ചു. കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന മാദ്ധ്യമ സംവാദത്തിൽ വിവിധ അവാർഡ് ജേതാക്കളായ ദീപ പ്രസാദ് (ടൈംസ് ഓഫ് ഇന്ത്യ), കെ ഹരികൃഷ്ണൻ (മലയാള മനോരമ), കെ.സി റിയാസ് (തത്സമയം), സോഫിയാ ബിന്ദ് (മീഡിയാ വൺ), സി.എസ് സാനിയോ (ഏഷ്യാനെറ്റ് ന്യൂസ്), അനൂപ് എബ്രഹാം, നിലീന അത്തോളി (മാതൃഭൂമി), മനുഷെല്ലി (മെട്രോ വാർത്ത), റിജോ ജോസഫ് (മലയാള മനോരമ), ഷിജു ചെറുതാഴം (ദീപിക) തുടങ്ങിയവർ സംസാരിച്ചു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം ശങ്കർ മോഡറേറ്ററായി.

Reporter
the authorReporter

Leave a Reply