Friday, December 27, 2024
Art & CultureLatest

പ്രശസ്ത ചിത്രകാരൻ പി ശരത്ചന്ദ്രൻ (79) കോഴിക്കോട് അന്തരിച്ചു;റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു


പ്രശസ്ത ചിത്രകാരൻ പി ശരത്ചന്ദ്രൻ (79) കോഴിക്കോട് അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ .
അന്താരാഷ്ട്ര ഇടങ്ങളിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനായിരുന്നു പി ശരത്ചന്ദ്രൻ.
തൻ്റെ സർഗ്ഗാത്മകതയിലൂടെ ക്യാൻവാസുകൾക്ക് പുതു ജീവൻ നൽകാനും ജലച്ചായത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും ഇനി ചിത്രകാരൻ ശരത് ചന്ദ്രനില്ല. റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ ചിത്രത്തിനുവേണ്ടി ശരത്ചന്ദ്രൻ ഒരുക്കിയ പോസ്റ്ററുകളിലൂടെ ഇപ്പോഴും ജന മനസ്സുകളിൽ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം.
തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ തന്റെ ചിത്രകലാഭ്യസനം തുടങ്ങിയത്.  1964 ൽ ബോംബെയിൽ എത്തിയ അദ്ദേഹം ടുബാക്കോ കമ്പനിയിൽ ആർട്ട് ഡയറക്ടറായി.
പിന്നീട് ഓർബിറ്റ് എന്ന പേരിൽ പരസ്യ ഏജൻസി തുടങ്ങി. പനാമ സിഗരറ്റിന്റെ പാക്കറ്റുകൾ ആകർഷകമായി രൂപ കൽപ്പന ചെയ്തതും പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പിന്റെ അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയതും അദ്ദേഹം തന്നെ.
നിരവധി കമ്പനികൾക്കായി ശരത് ചന്ദ്രൻ പരസ്യ ഡിസൈനുകളും തയാറാക്കി. അന്താരാഷ്ട്ര ഇടങ്ങളിൽ ഇടം പിടിച്ച മലയാളിചിത്രകാരൻ കൂടിയാണ് ശരത്ചന്ദ്രൻ. ജലച്ചായം, ഓയില്‍ കളര്‍, അക്രിലിക്, ചാര്‍കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ കഴിവ് തെളിയിച്ച കലാകാരൻ ഒടുവിൽ വിടവാങ്ങുമ്പോൾ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആ ഓർമ്മകളെ അനശ്വരമാക്കും.

Reporter
the authorReporter

Leave a Reply