ന്യൂഡല്‍ഹി: വിമാനം പറന്ന് 15 മിനിറ്റില്‍ എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
130 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു വിമാനത്തില്‍. പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന്റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു. പൈലറ്റ് പെട്ടെന്നു തന്നെ യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയും ചെയ്തു.
ഗുരുതരാവസ്ഥ മനസിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഉടന്‍ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി അനുവദിക്കുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് തീ പടര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. ആര്‍ക്കും പരുക്കുകളില്ല.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*