തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണുര്‍ ജംഗ്ഷനടുത്തുള്ള ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ രാവിലെ 10മണിയോടെയാണ് സംഭവം.
എറണാകുളം- ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ബോഗിയില്‍ നിന്ന് വേര്‍പെട്ടത്. ട്രെയിനിനു വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആളപായമില്ല.
എഞ്ചിനും ജനറേറ്റര്‍ കാറുമടക്കമുള്ള ഭാഗം ബോഗിയില്‍നിന്ന് 200 മീറ്ററോളം മുന്നോട്ട് നീങ്ങി നിന്നു.എഞ്ചിനും ബോഗിയും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ എത്തിച്ച് പരിശോധനകള്‍ നടത്തി. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്തെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.