കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വെല്ലുവിളി നേരിടാനുള്ള നടപടികളിലേക്ക് കടന്ന് രാജ്യം. ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.
ദക്ഷിണാഫ്രിക്കയടക്കം പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണം നീക്കിയ നടപടി പുന:പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമിക്രോണിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാ നിയന്ത്രണം നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതാണെന്ന് വ്യക്തമായിരുന്നു.