വോട്ടുതേടിയുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും രാപ്പകല്‍ ഭേദമില്ലാത്ത വിശ്രമമില്ലാത്ത ഓട്ടം പരിസമാപ്തിയിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വൈകീട്ട് ആറോടെ ആളും ആരവവുമായി കൊട്ടിക്കലാശം. പിന്നീട് വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക്.
39 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകുമ്പോള്‍ ആവേശ കൊടുമുടിയിലാണ് മുന്നണികള്‍.
ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയില്‍വീഴ്ത്താന്‍ സി.എ.എ വിഷയത്തില്‍ ഊന്നിയാണ് മുന്നണികള്‍ പ്രചാരണം തുടങ്ങിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, പെന്‍ഷന്‍ മുടങ്ങിയത്, വിലക്കയറ്റം, മാസപ്പടി, കരുവന്നൂര്‍, കോണ്‍ഗ്രസ് നേതാക്കളുടെ കാലുമാറ്റം, കള്ളവോട്ട്, പ്രകടനപത്രിക ഇങ്ങനെ നീളുന്നു പ്രചാരണവിഷയങ്ങള്‍. ഏറ്റവും കടുത്ത പോര് നടക്കുന്ന വടകരയിലെ ബോംബ് രാഷ്ട്രീയവും വ്യക്തിഹത്യാ ആരോപണവും സംസ്ഥാനമാകെ പ്രതിധ്വനിച്ചു. നേതാക്കള്‍ നിലവിട്ടതോടെ പ്രചാരണവും ദിശമാറി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച രാഹുല്‍, പിണറായി വാക്‌പോരാണ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളെ ചൂടുപിടിപ്പിച്ചത്. ബി.ജെ.പിവിരുദ്ധ വോട്ടുകളാണ് രാഹുല്‍, പിണറായി പോര് ലക്ഷ്യംവയ്ക്കുന്നത്. യഥാര്‍ഥ ചൂടിനൊപ്പം ഈ പ്രചാരണചൂടും താണ്ടുകയാണ് മുന്നണികള്‍. സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി.
മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍, വീടുവീടാന്തരമുള്ള സ്‌ക്വാഡുകള്‍, സ്വീകരണപരിപാടികള്‍, റോഡ്‌ഷോകള്‍ എന്നിങ്ങനെ വോട്ടര്‍മാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങള്‍. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളായി. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പങ്കുവെക്കുന്നു.
ഇന്ന് വൈകിട്ട് ആറു മണിക്ക് പ്രധാന നേതാക്കളുടെയും സ്ഥാനാര്‍ഥികളുടെയും റോഡ് ഷോകളോടെയാണ് പ്രചാരണത്തിന് തിരശീല വീഴുക. നാളെ നിശബ്ദ പ്രചാരണം. മറ്റന്നാള്‍ അവസാനലാപ്പിലെ പടയോട്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കാനുള്ള ഉശിരിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. വോട്ടര്‍മാരുടെ മനസ് തങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ ഇന്നും നാളെയും അവസാന ഓട്ടപ്പാച്ചിലിലായിരിക്കും സ്ഥാനാര്‍ഥികള്‍. കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ. ഇന്നും നാളെയുമായുള്ള അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്ന ആശങ്ക മുന്നണികള്‍ക്കുമുണ്ട്. നിഷ്പക്ഷ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുമാണ് നിര്‍ണായകമാകുകയെന്ന തിരിച്ചറിവില്‍ വിജയമുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് മുന്നണി ക്യാംപുകളില്‍ ഉരുത്തിരിയുന്നത്.
കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കര്‍ശന സുരക്ഷ പൊലിസും ഒരുക്കിയിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കനത്ത വേനല്‍ചൂടാണ് ഇത്തവണ പ്രചാരണത്തില്‍ നേരിട്ട വലിയ വെല്ലുവിളി. പകല്‍ സമയത്തെ സ്വീകരണയോഗങ്ങളുടെ ദൈര്‍ഘ്യംപോലും വേനല്‍ചൂടില്‍ പരിമിതപ്പെടുത്തേണ്ടിവന്നു.
വെള്ളിയാഴ്ച അവധി
അതിനിടെ, വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.