തിരുവനന്തപുരം: കേരള – തമിഴ്നാട് അതിർത്തിയിൽ മലയാളി യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് മരിച്ചത്. നൈറ്റ് പട്രോളിങ്ങിനിടെ തമിഴ്നാട് പൊലിസ് ആണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 11.45 നാണ് തമിഴ്നാട് പൊലിസ് വാഹനത്തിൽ ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു കണ്ടാണ് പൊലിസ് പരിശോധന നടത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ് ഉണ്ടായിരുന്നതെന്ന് പൊലിസ് പറഞ്ഞു. കാറിന്റെ ഡിക്കി തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ദീപു 10 ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയതെന്ന് കുടുംബക്കാർ പറയുന്നു. തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റ് നടത്തുകയായിരുന്നു ദീപു. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനുമായാണ് 10 ലക്ഷം രൂപയുമായി പോയതാണെന്നാണു വീട്ടുകാരുടെ മൊഴി. ഈ പണം കാറിൽ നിന്ന് കണ്ടെടുക്കാനായിട്ടില്ല. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തിൽ തക്കല എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.













