Sunday, November 24, 2024
General

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷയെഴുതിയ വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് കാണാനില്ല


കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് പരീക്ഷാഭവനിൽനിന്ന് കാണാതായിട്ട് മാസങ്ങളായെങ്കിലും ഇതൊന്നും പുറത്തറിയാത്ത രീതിയിൽ രഹസ്യമാക്കി സർവകലാശാല പരീക്ഷാഭവൻ തന്ത്രങ്ങൾ മെനയുന്നു. സർവകലാശാലക്കു കീഴിലുള്ള പനമ്പള്ളി ഗവ. കോളജിൽ 2022-25 അധ്യയനവർഷത്തിൽ പഠിച്ച നിർമൽ റാണി ജോസിൻ്റെ പൊളിറ്റിക്കൽ സയൻസ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസാണ് സർവകലാശാലയിൽ നിന്ന് കാണാതായത്.

രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം വന്നപ്പോൾ അഞ്ചു പേപ്പർ എഴുതിയതിൽ നാല് പേപ്പറുകളിലും വിജയിച്ചിരുന്നുവെങ്കിലും അഞ്ചാമത്തെ പേപ്പറിലാണ് 0 മാർക്ക് രേഖപ്പെടുത്തിയത്. തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതോടെയാണ് ഉത്തര കടലാസ് കാണാനില്ലെന്ന വിവരം പരീക്ഷാഭവനിൽനിന്ന് വ്യക്തമാക്കിയത്.

വിദ്യാർഥിനി തന്റെ പരിക്ഷാഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലക്ക് പരാതി നൽകിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ മറുപടി നൽകാൻ സർവകലാശാല തയാറായിട്ടില്ല. എന്നാൽ മൂല്യനിർണയത്തിന് അധ്യാപകന്റെ കൈ വശം നൽകിയ പേപ്പറാണ് കാണാനില്ലാത്തതെന്നാണ് അധികാരികളുടെ മറുപടി. ഈ മറുപടിക്ക് പ്രത്യേകിച്ചൊരു രേഖയും സർവകലാശാലയിലില്ല. ഉത്തരക്കടലാസ് കാണാതാകുന്ന സംഭവങ്ങളിൽ ഉത്തരവാദി പരീക്ഷാ കൺട്രോളറാണെന്നാണ് സെനറ്റിൽ സർവകലാശാല മറുപടി നൽകിയത്.


Reporter
the authorReporter

Leave a Reply