Saturday, November 23, 2024
General

സപ്ലൈകോ മൂന്ന് സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി

Supplyco Representative image. Photo: Manorama Online.

തിരുവനന്തപുരം:സപ്ലൈക്കോ മൂന്ന് സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി. പഞ്ചസാര, തുവരപരിപ്പ്, അരി എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്തകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിയോടെ മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വില വര്‍ധനവ്. പഞ്ചസാരയ്ക്ക് ആറ് രൂപ കൂടി 27 രൂപയില്‍ നിന്ന് 33 രൂപ ആയി. മട്ട/കുറുവ അരിക്ക് മൂന്ന് രൂപ കൂടി 30 രൂപയില്‍ നിന്ന് 33 രൂപയായി,. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയില്‍ നിന്ന് 115 രൂപയായി.

എന്നാല്‍ 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, പഴം ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ വിലക്കുറവുണ്ട്. 255 രൂപയുടെ 6 ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് ഈ ഓണത്തിന് വിപണിയില്‍ ലഭിക്കും.

സെപ്തംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയര്‍. ജില്ലാതല ഫെയറുകള്‍ സെപ്തംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ നടക്കും. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ ബ്രാന്റുല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ് ഡിസ്‌കൗണ്ട് അവേഴ്‌സ്, പ്രമുഖ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷമായ കോമ്പോ ഓഫറുകള്‍, ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍ എന്നിവയും ലഭിക്കും.


Reporter
the authorReporter

Leave a Reply