Wednesday, December 4, 2024
GeneralLatestPolitics

ധീരജ് കൊലക്കേസ്, സുധാകരൻ പൊലീസിൽ കീഴടങ്ങണം: കോടിയേരി


തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരൻ പൊലീസിൽ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റിന്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സുധാകരൻ തന്നെയാണ് പറയുന്നത്. ഇരന്ന് വാങ്ങിയ കൊലപാതകമെന്നും സുധാകരൻ പറയുന്നു. ആ സ്ഥിതിക്ക് പൊലീസിൽ കീഴടങ്ങാൻ സുധാകരൻ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

‘കൊലക്ക് പകരം കൊലയെന്ന നയമല്ല സിപിഎമ്മിന്റേത്. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സിപിഎം രീതി. അക്രമങ്ങളിൽ സിപിഎം പ്രവർത്തകർ പങ്കാളിയാകരുത്. കേരളത്തിന്റെ ക്രമസമാധാനം തകരുന്നു എന്ന് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നും കോടിയേരി കുറ്റപ്പെടുത്തി. കേഡർ പാർട്ടി എന്നാൽ മനുഷ്യരെ കൊന്നു തള്ളൽ അല്ലെന്ന്  മനസിലാക്കണം. കൊന്നു തള്ളിയാലും സിപിഎം തകരില്ലെന്നും കോടിയേരി പറഞ്ഞു. തൃശ്യൂർ പാർട്ടി സമ്മേളത്തിൽ വിർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ നിഖിൽ പൈലി അടക്കമുള്ള പ്രതികളെ തള്ളിപ്പറയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാട്. നിഖിലാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ലെന്നും പ്രതികൾക്ക് നിയമസഹായം നൽകുമെന്നുമാണ് സുധാകരൻ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രതികളെ സുധാകരൻ സംരക്ഷിക്കുന്നുവെന്ന വിമർശനം ഉയരുമ്പോഴാണ് നിയമസഹായം കൂടി നൽകുമെന്ന പരസ്യ പ്രഖ്യാപനം നടത്തിയത്. നേരത്തെ ഇരന്ന് വാങ്ങിയ രക്തസാക്ഷിത്വമെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.അതിനിടെ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.


Reporter
the authorReporter

Leave a Reply